കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹമദ് അൽ നവാഫ് അൽ അഹമദ് അസ്സബാഹിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വരുന്നതോടെ സർക്കാർ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് ശിപാർശകൾ സമർപ്പിക്കാൻ കാവൽ മന്ത്രിസഭയിലെ മന്ത്രിമാരെ വെച്ചുള്ള സമിതിയെ നിയമിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ അസംബ്ലി അംഗങ്ങൾ സമർപ്പിച്ച നിരവധി നിർദിഷ്ട നിയമങ്ങളും രാജ്യത്ത് ജനസംഖ്യ സന്തുലിതാവസ്ഥ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി പ്രവാസികളുമായി ബന്ധപ്പെട്ട് മുൻ സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങളുമാണ് മന്ത്രിതല സമിതി പരിശോധിക്കുക.
സമിതി പഠിച്ച് ശിപാർശകൾ നൽകുമെന്നും അത് ദേശീയ അസംബ്ലിക്കു മുന്നിൽവെക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സമിതി ശിപാർശകൾ രാജ്യത്തിന്റെ ജനസംഖ്യ ഘടനയിൽ മാറ്റംവരുത്താൻ സഹായിക്കുന്നതും ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതുമായിരിക്കുമെന്നാണ് പൊതുവേ വിലയിരുത്തൽ. പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്നുള്ള നിർദേശങ്ങൾ മന്ത്രിതല സമിതി പരിശോധിക്കും.
പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ലൈസൻസ് നൽകുന്നില്ലെങ്കിൽ കുവൈത്തിൽനിന്നും ലൈസൻസ് നൽകില്ല, പ്രവാസികൾ ഒരു വാഹനം മാത്രമേ വാങ്ങാൻ പാടുള്ളൂ, കുവൈത്ത് ലൈസൻസ് ഇല്ലെങ്കിൽ പ്രവാസികൾക്ക് വാഹനം വാങ്ങാൻ കഴിയില്ല, പ്രവാസികളുടെ ലൈസൻസ് പുതുക്കുന്നതിന് 1200 കുവൈത്ത് ദിനാർ വാർഷിക ഫീസും പണം കൈമാറ്റത്തിനുള്ള ഫീസും ചുമത്തും തുടങ്ങിയവയാണവ. പ്രവാസികളുടെ ചികിത്സയുമായി ബന്ധപ്പെട്ടും സർക്കാറിന് മുന്നിലുള്ള നിർദേശങ്ങൾ പരിശോധിച്ച് സമിതി ശിപാർശ സമർപ്പിക്കും. പ്രവാസികളുടെ ചികിത്സ വേഗത്തിൽ സ്വകാര്യ മേഖലയിലേക്ക് മാറ്റണമെന്നും ഓരോ പ്രവാസിക്കും ആരോഗ്യ ഇൻഷുറൻസ് അനുവദിക്കണമെന്നുമുള്ള നിർദേശങ്ങളാണവ.
രാജ്യത്തെ ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാനായി വിവിധ തൊഴിൽ മേഖലകളിൽ പ്രവാസികളുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ സജീവമായി നടന്നുവരവേ ഇത് പുതിയ സർക്കാറിന്റെയും പ്രധാന അജണ്ടയായിരിക്കുമെന്നാണ് സൂചന. മന്ത്രിതല സമിതിയുടെ പ്രധാന പരിശോധനകൾ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളാകുന്നത് അതിന്റെ ഭാഗമായിട്ട് കൂടിയാണ്.
ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകാനായി പുതിയ സംഘം രാജ്യത്ത് രൂപവത്കരിക്കപ്പെടുന്നുമുണ്ട്. ആഭ്യന്തര മന്ത്രിയായി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിനെ തീരുമാനിച്ചതോടെ പുതിയ മന്ത്രിസഭ ഉടൻ നിലവിൽ വരുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ് മദ് അസ്സബാഹ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.