കുവൈത്ത് സിറ്റി: ചൂട് കാലത്തോടനുബന്ധിച്ച് ഉച്ചസമയങ്ങളിൽ തൊഴിലെടുക്കുന്നത് നിരോധിച്ച സർക്കാർ തീരുമാനങ്ങൾ ലംഘിക്കപ്പെടുന്നത് പരിശോധിക്കാനായി നൂൺ വർക് ബാൻ ടീം അബ്ദുല്ല അൽ മുബാറക് പ്രദേശത്ത് പര്യടനം നടത്തി. ടീം തലവനും ജഹ്റ ഗവർണറേറ്റിലെ ഒക്യുപേഷനൽ സേഫ്റ്റി ഡിപ്പാർട്ട്മെന്റ് തലവനുമായ ഹമദ് അൽ മഖിയാന്റെ നേതൃത്വത്തിലാണ് പരിശോധന. കമ്പനികൾ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘനം തുടർന്നാൽ കമ്പനി ഓരോ തൊഴിലാളിക്കും 100 മുതൽ 200 ദീനാർവരെ പിഴയടക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 99% കമ്പനികളും സർക്കാർ തീരുമാനം അനുസരിക്കുന്നുണ്ട്. ഇത് തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചുള്ള അവരുടെ താൽപര്യത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ മുതൽ രാജ്യത്ത് നടപ്പാക്കിയ ഉച്ചവിശ്രമ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. പല കമ്പനികളും തൊഴിലാളികളെ ഉച്ച സമയത്ത് ജോലിചെയ്യാൻ നിർബന്ധിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മാൻപവർ അതോറിറ്റിയിലെ തൊഴിൽസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ ഫീൽഡിൽ പരിശോധന സജീവമാക്കിയിട്ടുണ്ട്. വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് സൈറ്റുകളിൽ മിന്നൽ പര്യടനം നടത്തിയത്. കാപ്പിറ്റൽ ഗവർണറേറ്റിലെ വിവിധ വർക്സൈറ്റുകളിൽ കഴിഞ്ഞ ദിവസം മാത്രം നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഉച്ചസമയത്ത് വിശ്രമം നിർബന്ധമാക്കിയത്. പകൽ പതിനൊന്നിനും നാലിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്നതെന്നാണ് വിലക്കേർപ്പെടുത്തിയത്. ആഗസ്റ്റ് 31വരെയാണ് ഉച്ചസമയത്തെ പുറംജോലികൾക്ക് വിലക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.