കുവൈത്ത് സിറ്റി: കുവൈത്ത് എൻജിനീയേഴ്‌സ് ഫോറം ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. ജനറൽ കൺവീനർ അബ്ദുൽ സഗീർ, അക്രഡിറ്റേഷൻ കൺവീനർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യൻ എൻജിനീയർമാർ നേരിടുന്ന പ്രതിസന്ധികൾ നേരിട്ട് അംബാസഡറെ ധരിപ്പിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങൾ അംബാസഡർക്ക് പരിചയപ്പെടുത്തി. മലയാളികൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം എൻജിനീയർമാർ രണ്ട് വർഷത്തിലധികമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധി സംഘാംഗങ്ങൾ വിവരിച്ചു. നിരന്തരമായി സർക്കാർ തലത്തിലും രാഷ്ട്രീയരംഗത്തും നടത്തിയ സമ്മർദങ്ങൾ, സർക്കാർ എടുത്ത നടപടികൾ, അനുദിനം മാറിക്കൊണ്ടിരിക്കുന്ന എൻ.ഒ.സി നിബന്ധനകൾ എന്നിവയെ കുറിച്ച് സ്ഥാനപതിയെ ധരിപ്പിച്ചു.
എംബസിയുടെ ഒാപൺ ഹൗസിൽ എൻജിനീയർമാരുടെ പ്രശ്നങ്ങൾ പ്രത്യേക അജണ്ടയായി ക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ മൂന്നിന് നിശ്ചയിച്ച ഒാപൺ ഹൗസ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.
സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ഒാപൺ ഹൗസിൽ എൻജിനീയർമാർ പ്രശ്നങ്ങൾ അവതരിപ്പിക്കെട്ടയെന്ന് അംബാസഡർ നിർദേശിച്ചു. എൻജിനീയർമാർ ഇപ്പോൾ നേരിടുന്ന എൻ.ഒ.സി വിലക്കിന് ഉടൻ പരിഹാരം കാണാനാവും എന്ന് അംബാസഡർ പ്രതീക്ഷ പ്രകടിപ്പിച്ചു. കെ.ഇ.എഫ് ഭാരവാഹികളായ എബ്രഹാം ഐസക്, അരുൺ ഡേവിഡ്‌സൺ, ശ്യാം മോഹൻ, മാത്തൻ ജോൺ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.