കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 25 കിലോ ലഹരിവസ്തുക്കൾ പിടികൂടി. നൂതനമായ രീതിയിൽ തുറമുഖം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ ഒരാളെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ടീം അറസ്റ്റു ചെയ്തു.
തണ്ണിമത്തൻ കൊണ്ടുവന്ന മരം കൊണ്ട് നിർമിച്ച കൂടിനെ മറയാക്കിയാണ് ലഹരി കടത്താൻ ശ്രമിച്ചത്. മരക്കഷ്ണങ്ങൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധന ഉദ്യോഗസ്ഥർ കൂട് അഴിച്ച് പരിശോധിച്ചപ്പോൾ ഒളിപ്പിച്ച നിലയിലുള്ള 25 കിലോ ഷാബു കണ്ടെത്തി.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് 2,50,000 ദീനാർ മൂല്യം കണക്കാക്കുന്നു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
രാജ്യത്ത് ലഹരി വസ്തുക്കളുടെ കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ ശക്തമായ പരിശോധനകൾ നടന്നുവരുകയാണ്. പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ആഭ്യന്തരമന്ത്രാലയം ഉണർത്തി. ലഹരി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചാൽ അധികൃതരെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.