1991 ജനുവരി 17ന് കുവൈത്തിൽനിന്ന് ഇറാഖി സേനയെ തുരത്താനുള്ള ‘ഓപറേഷൻ ഡെസേർട്ട് സ്റ്റോം’ എന്ന സൈനിക ആക്രമണത്തിന് സഖ്യസേന തുടക്കമിട്ടു. സംഖ്യസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ഇറാഖി ലക്ഷ്യങ്ങളിൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തി.
അധിനിവേശം അവസാനിപ്പിക്കാനും സൈന്യത്തെ പിൻവലിക്കാനുമുള്ള ആവശ്യം ഇറാഖ് തള്ളുകയും നയതന്ത്ര മാർഗങ്ങൾ അടയുകയും ചെയ്തതോടെയാണ് സഖ്യസേന രംഗത്തിറങ്ങിയത്.
ഓപറേഷൻ ഡെസേർട്ട് സ്റ്റോമിന്റെ ആദ്യ ദിവസം രൂക്ഷമായ ആക്രമണമാണ് സഖ്യസേന നടത്തിയത്. ഇറാഖി വ്യോമസേനയുടെ പകുതിയോളം ഇതോടെ നശിപ്പിക്കപ്പെട്ടു. ഇറാഖിലെയും കുവൈത്തിലെയും ഇറാഖി സൈറ്റുകൾക്കും സേനക്കുമെതിരെ യു.എസ് വിമാനവാഹിനിക്കപ്പലുകൾ മിസൈലാക്രമണവും ആരംഭിച്ചു.
യു.എസ് എഫ്-17 വിമാനം ബാഗ്ദാദിലെ നിരവധി ലക്ഷ്യങ്ങൾ ആക്രമിക്കുകയും ഇറാഖി ആശയവിനിമയ ശൃംഖല തകർക്കുകയും ചെയ്തു. ബ്രിട്ടീഷ് ടൊർണാഡോ ബോംബർമാർ ഇറാഖി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടു. ഫ്രഞ്ച്, ഇറ്റാലിയൻ ജെറ്റ് ഫൈറ്ററുകൾ ഇറാഖി മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ തകർത്തു. ഇറാഖിന്റെ ടി.വി, റേഡിയോ കെട്ടിടങ്ങളും ആക്രമിച്ചു. ഇതേസമയം കുവൈത്ത് പോരാളികൾ കുവൈത്തിനുള്ളിലെ ഇറാഖി ലക്ഷ്യങ്ങൾ ആക്രമിച്ചു.
സഖ്യസേനയുടെ രൂക്ഷമായ ആക്രമണത്തിൽ പതറിപോയ ഇറാഖ് ഫെബ്രുവരി 22ന് യു.എൻ മേൽനോട്ടത്തിൽ മൂന്നാഴ്ചക്കുള്ളിൽ കുവൈത്തിൽനിന്ന് സേനയെ പിൻവലിക്കാനുള്ള സോവിയറ്റ് യൂനിയൻ നിർദേശം ഇറാഖ് അംഗീകരിച്ചു.
എന്നാൽ യു.എസ് അത് നിരസിക്കുകയും കുവൈത്തിൽനിന്ന് പൂർണമായി പിൻവാങ്ങുകയോ കര ഓപറേഷൻ നേരിടുകയോ ചെയ്യണമെന്ന് ഇറാഖി സേനക്ക് 24 മണിക്കൂർ അന്ത്യശാസനം പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് കുവൈത്ത് നഗരങ്ങളിലും തെക്കൻ ഇറാഖിലും സഖ്യസേന കര ഓപറേഷൻ ആരംഭിച്ചു.
ഫെബ്രുവരി 26 ന്, പുലർച്ച ഇറാഖി സൈന്യം കുവൈത്തിൽനിന്ന് പിൻവാങ്ങാൻ തുടങ്ങി. 1,800 ജെറ്റ് ഫൈറ്ററുകൾ 1,700 ഹെലികോപ്ടറുകൾ, ആറ് വിമാനവാഹിനിക്കപ്പലുകൾ, 500,000 സൈനികർ എന്നിങ്ങനെ സഖ്യസേനയിൽ യു.എസ് പ്രധാന പങ്കുവഹിച്ചു. 200,000 അറബ് സൈന്യവും 30,000ഉം 13,000 ഉം ബ്രിട്ടീഷ്, ഫ്രഞ്ച് സൈന്യവും കുവൈത്ത് വിമോചനത്തിന്റെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.