കുവൈത്ത് സിറ്റി: പാകിസ്താനിൽ സ്ഫോടനത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതിലും പരിക്കേറ്റതിലും കുവൈത്ത് അനുശോചിച്ചു. സംഭവത്തിൽ കുവൈത്ത് ഭരണ നേതൃത്വം പാകിസ്താൻ പ്രസിഡന്റ് ഡോ. ആരിഫ് അൽവിക്ക് അനുശോചന അന്ദേശം അയച്ചു. നിര
പരാധികളുടെ ജീവൻ ലക്ഷ്യംവെച്ചുള്ളതും നിയമങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധവുമായ ഹീനമായ പ്രവർത്തനത്തെ കുവൈത്ത് അപലപിക്കുന്നതായി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സന്ദേശത്തിൽ അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
സംഭവത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും അനുശോചിച്ചു. ഇത്തരം പ്രവർത്തനങ്ങൾ നിയമങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധവുമാണെന്ന് കിരീടാവകാശി ഡോ. ആരിഫ് അൽവിക്ക് അയച്ച സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും പാകിസ്താൻ പ്രസിഡന്റിന് അനുശോചന സന്ദേശം അയച്ചു.
എല്ലാത്തരം അക്രമങ്ങളെയും നിരപരാധികളെ ദ്രോഹിക്കുന്നതിനെയും കുവൈത്ത് അസന്ദിഗ്ധമായി നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പാകിസ്താന് കുവൈത്തിന്റെ ഐക്യദാർഢ്യവും, സുരക്ഷ സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്ക് പിന്തുണയും പ്രഖ്യാപിച്ചു. പാക്കിസ്താൻ സർക്കാറിനോടും ജനങ്ങളോടും കുവൈത്തിന്റെ ആത്മാർഥമായ അനുശോചനവും അറിയിച്ച വിദേശകാര്യ മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
പാകിസ്താനിലെ ഖൈബർ പഖ്തൂൻഖാവ പ്രവിശ്യയിലെ ഗോത്രവർഗ ജില്ലയായ ബജാവൂറിന്റെ തലസ്ഥാനമായ ഖറിൽ ജമിയത് ഉലമ ഇസ്ലാം ഫസൽ പാർട്ടി സമ്മേളനത്തിനിടെയാണ് കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 44 പേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേറ്റുമെന്നുമാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.