കുവൈത്ത് സിറ്റി: ഫലസ്തീന് ഔദ്യോഗിക അംഗീകാരം നൽകിയ അർമേനിയയുടെ നിലപാടിനെ കുവൈത്ത് സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയെ അവരുടെ ഭാഗധേയം നിർണയിക്കാനും കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനും പ്രാപ്തരാക്കുന്നതിനുള്ള ഒരു നല്ല ചുവടുവെപ്പായി ഈ അംഗീകാരത്തെ കണക്കാക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്താൻ എല്ലാ രാജ്യങ്ങളോടും സമാനമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന കുവൈത്ത് ഭരണകൂടത്തിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. യു.എൻ ജനറൽ അസംബ്ലിയിൽ അംഗങ്ങളായ 193 രാജ്യങ്ങളിൽ 149 എണ്ണം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുള്ള അർമേനിയയുടെ പ്രസ്താവന പുറത്തുവന്നത്.
അന്താരാഷ്ട്ര നിയമങ്ങളോടും സമത്വം, പരമാധികാരം, വിവിധ വിഭാഗം ജനങ്ങൾ പരസ്പര സഹകരണത്തോടെ കഴിയൽ തുടങ്ങിയ ആശയങ്ങളോടുമുള്ള പ്രതിബദ്ധത മുൻനിർത്തി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്ന് അർമേനിയ വ്യക്തമാക്കി. സ്ലൊവീനിയ, സ്പെയിൻ, നോർവെ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളും അടുത്തിടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.