കുവൈത്ത് സിറ്റി: കുവൈത്ത് പി.സി.എഫ് ഇടപെട്ട് നാട്ടിലേക്കയച്ച കൊച്ചി സ്വദേശി മേരി സുഖം പ്രാപിച്ചുവരുന്നതായി ഭാരവാഹികൾ അറിയിച്ചു. വീട്ടുജോലിക്കായി കുവൈത്തിലെത്തി രോഗബാധിതയായ കൊച്ചി ഫിഷര്‍മാന്‍ കോളനിയില്‍ തട്ടിക്കാട്ട് തയ്യില്‍ വീട്ടില്‍ മേരി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിട്ടും തിരിച്ചയക്കാന്‍ വീട്ടുടമ തയാറായില്ല.
മതിയായ ചികിത്സയോ ഭക്ഷണമോ ഇല്ലാതെ ബുദ്ധിമുട്ടിലുമായിരുന്നു. തുടർന്ന് മേരിയുടെ കുടുംബാംഗങ്ങള്‍ പി.ഡി.പി എറണാകുളം ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കരയെ ബന്ധപ്പെടുകയും മുന്‍ പി.സി.എഫ് ജില്ല പ്രസിഡന്റ് ഹനീഫ നെടുംതോട് കുവൈത്ത് പി.സി.എഫ് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ആരിക്കാടിയെ വിവരം അറിയിക്കുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ട പി.സി.എഫ്, മേരി ജോലിചെയ്തിരുന്ന വീട്ടുടമയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുകയും ചെലവുകൾ ഏറ്റെടുത്ത് മേരിയെ കഴിഞ്ഞമാസം 18ന് നാട്ടിലയക്കുകയുമായിരുന്നു.
എന്നാൽ, കൊച്ചിയില്‍ വിമാനമിറങ്ങിയ മേരി വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കാല്‍തെറ്റി മറിഞ്ഞുവീഴുകയും നട്ടെല്ലിന് പരിക്കേറ്റ് സര്‍ജറിക്ക് വിധേയമാവുകയും ചെയ്തു. കഴിഞ്ഞദിവസം മേരി ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയതായും പി.ഡി.പി എറണാകുളം ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജോ. സെക്രട്ടറി ഹനീഫ നെടുംതോട്, പി.സി.എഫ് ജില്ല കമ്മിറ്റി അംഗം സാദിഖ് പുറയാര്‍, ടി.പി. ആന്റണി, കൊച്ചി മണ്ഡലം ഭാരവാഹികളായ പി.ബി. സലാം, സി.കെ. ആഷിഖ്, എം.എ. ഹുസൈന് എന്നിവര്‍ വീട്ടില്‍ സന്ദര്‍ശിക്കുകയും ചികിത്സ സഹായം കൈമാറിയതായും പി.സി.എഫ് കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.