കുവൈത്ത് സിറ്റി: പൂർവികരുടെ സാഹസിക കടൽ യാത്രയുടെ ഓർമകളിൽ കുവൈത്ത് ജനത ഒരിക്കൽ കൂടി കടലിൽ ഇറങ്ങുന്നു. മുത്തുപെറുക്കാൻ മനുഷ്യനിർമിത കപ്പലുകളിൽ നടത്തിയ പൂർവികരുടെ കടൽ യാത്രകളുടെ പുനരാവിഷ്കാരമായ കുവൈത്ത് പേൾ ഡൈവിങ് ഫെസ്റ്റിവൽ ആഗസ്റ്റിൽ നടക്കും.
ഈ വർഷം ആഗസ്റ്റ് 10 മുതൽ 15 വരെയാണ് പേൾ ഡൈവിങ് ഫെസ്റ്റിവൽ. കുവൈത്ത് മറൈൻ സ്പോർട്സ് ക്ലബ്ബാണ് സംഘാടകർ. കപ്പലുകൾ ആഗസ്റ്റ് 10ന് രാവിലെ 8.30ന് സാൽമിയയിലെ ക്ലബ്ബിന്റെ തീരത്തു നിന്ന് പുറപ്പെടുന്ന ‘ദശ’ ചടങ്ങ് നടക്കും. ആഗസ്റ്റ് 15 വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കപ്പലുകൾ തിരിച്ചെത്തും. അൽ ഗഫൽ’ എന്നാണ് ഈ ദിനം അറിയപ്പെടുക. ‘തിരിച്ചുവരവിന്റെ ദിനം’ വിവിധ പരിപാടികളോടെ ആഘോഷിക്കും.
സമാപനദിനത്തിൽ വിവിധ ചടങ്ങുകളും സംഘടിപ്പിക്കും. 15നും 19നും ഇടയിൽ പ്രായമുള്ള കുവൈത്ത് യുവാക്കൾക്കളാണ് പേൾ ഡൈവിങ് ഫെസ്റ്റിവലിൽ പങ്കെടുക്കുക. നാലു കപ്പലുകളിലായി യുവാക്കൾ അഞ്ചുദിവസം കടലിൽ ചെലവഴിക്കും. മുത്തുവാരലും പരമ്പരാഗത രീതികളുമായാണ് ഈ ദിവസങ്ങൾ കഴിച്ചുകൂട്ടുക.
രാജ്യത്തിന്റെ സമുദ്ര പൈതൃകവും ജനങ്ങളുടെ ഉപജീവിതമാർഗവും പുനരാവിഷ്കരിക്കുന്നതാണ് ഫെസ്റ്റിവൽ ചടങ്ങുകൾ. പൂർവികരുടെ കഠിനാധ്വാനത്തിന്റെയും സാഹസികതയുടെയും കഥകൾ ഇതിലൂടെ തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. 1986ലാണ് കുവൈത്ത് സീ സ്പോർട്സ് ക്ലബ് ഈ വാർഷിക ഫെസ്റ്റിവലിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.