കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് അംബാസഡർ റെനാറ്റോ വില്ലയോട് ഒരാഴ്ചക്കകം രാജ്യം വിടാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടതിൽ ഫിലിപ്പീൻസ് അതൃപ്തി പ്രകടിപ്പിച്ചു. ഫിലിപ്പീൻസ് വിദേശകാര്യമന്ത്രാലയമാണ് അംബാസഡറെ പുറത്താക്കുന്നതിൽ നടുക്കവും അസന്തുഷ്ടിയും പ്രകടിപ്പിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്.
ചില ഫിലിപ്പീൻസ് പൗരന്മാർ കുവൈത്തി സ്പോൺസർമാരുടെ ഉപദ്രവം മൂലം ആത്മഹത്യ ചെയ്തതായ ആരോപണത്തെ തുടർന്ന് മൂന്നുമാസം മുമ്പ് ആരംഭിച്ച തർക്കം മുറുകുകയാണ്. ഫിലിപ്പീൻസ് തൊഴിലാളിയുടെ മൃതദേഹം കുവൈത്തിൽ അപ്പാർട്ട്മെൻറിലെ ഫ്രീസറിൽ കണ്ടെത്തിയതിനെ തുടർന്നുണ്ടായ പ്രശ്നം അംബാസഡറെ പുറത്താക്കിയതോടെ മറ്റൊരു തലത്തിലെത്തി. ഫിലിപ്പീൻസിലെ കുവൈത്ത് അംബാസഡർ സാലിൽ അൽ തുവൈഖിനെ തിരിച്ചുവിളിച്ചിട്ടുമുണ്ട്. ജൊആന ഡാനിയേലയെന്ന തൊഴിലാളി കൊല്ലപ്പെട്ട ശേഷം ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിയിരിക്കുകയാണ്. അടുത്തയാഴ്ച പുതിയ തൊഴിൽ കരാർ ഒപ്പിട്ട് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ സാഹചര്യം ഒരുങ്ങുന്നതിനിടെയാണ് പൊടുന്നനെ കാര്യങ്ങൾ മാറിമറിഞ്ഞത്. തൊഴിലാളികളെ സ്പോൺസർമാരിൽനിന്ന് രക്ഷപ്പെടുത്താൻ എംബസിയുടെ വാഹനം ഉപയോഗപ്പെടുത്തുകയും എംബസി ജീവനക്കാർ സഹായം നൽകുകയും ചെയ്തത് പ്രശ്നം വഷളാക്കി.
ഇതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അംബാസഡർ ന്യായീകരണവുമായി പരസ്യമായി രംഗത്തെത്തുകയും ചെയ്തത് കുവൈത്തിനെ സംബന്ധിച്ചിടത്തോളം പ്രകോപനപരമായിരുന്നു. തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ആരുടെയും സമ്മതത്തിന് കാത്തുനിൽക്കേണ്ട കാര്യമില്ലെന്നും ഒരുമാസമായി ഇത് ചെയ്തുവരുന്നതായുമാണ് അംബാസഡർ റെനാറ്റോ വില്ല പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. കുവൈത്തിെൻറ പരമാധികാരത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെട്ട ഇൗ നിലപാടിനെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാറിന് മേൽ സമ്മർദം മുറുകുകയും ചെയ്തു. ഫിലിപ്പീൻസ് മാപ്പുപറഞ്ഞിട്ടും അംബാസഡറെ പുറത്താക്കാൻ ഇതും കാരണമാണ്. നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്നുവരെ ചില എം.പിമാർ ആവശ്യപ്പെടുന്നുണ്ട്.
ഫിലിപ്പീൻസ് എംബസി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നതും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പരിഗണിച്ചുവരുകയാണ്. നിർദിഷ്ട തൊഴിൽ കരാർ മേയ് ആദ്യവാരം ഒപ്പിടാൻ നിശ്ചയിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ അതിന് സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.