കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് താല്‍ക്കാലികമായി വിലക്കിയതായി ഫിലിപ്പീൻ കുടിയേറ്റ തൊഴിൽ മന്ത്രി സൂസൻ ഒപ്ലെ. കുവൈത്ത് സര്‍ക്കാറുമായി തൊഴിലാളികളുടെ സംരക്ഷണത്തിന് കൂടുതൽ ഉറപ്പ് ലഭിക്കാനുള്ള ഉഭയകക്ഷി ചർച്ചകൾ നടന്നുവരുകയാണെന്നും കരാര്‍ നിലവില്‍ വരുന്നതു വരെ ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്താൻ തീരുമാനിച്ചതായും ഫിലിപ്പീൻ അധികൃതര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അതേസമയം, നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന അവധിക്ക് നാട്ടിലുള്ള ഗാര്‍ഹിക തൊഴിലാളികൾക്ക് അതേ തൊഴിലുടമയുടെ കീഴിലേക്കു വരുന്നതിനും തടസ്സമില്ല.
ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളി 35കാരിയായ ജുലേബി റണാരയാണ് കുവൈത്തിൽ അടുത്തിടെ കൊല്ലപ്പെട്ടത്. ഇവരുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ സാൽമി മരുഭൂമിയിൽ കണ്ടെത്തുകയായിരുന്നു. വൈകാതെ ഇവരുടെ തൊഴിലുടമയുടെ 17 വയസ്സുള്ള മകനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇതിനു പിറകെ ഫിലിപ്പീൻസ് തൊഴിലാളികളെ കുവൈത്തിലേക്ക് വിന്യസിക്കുന്നത് നിർത്തണമെന്ന് ഫിലിപ്പീൻസിലെ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹും, ഫിലിപ്പീൻസ് ഷർഷെ ദഫേ ജോസ് കബ്രേരയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് പ്രശ്നത്തിൽ അയവുവന്നിരുന്നു. കൊലപാതകത്തെ അപലപിച്ച വിദേശകാര്യ മന്ത്രി ശൈഖ് സലീം, പ്രതി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകുകയും യുവതിയുടെ കുടുംബത്തോടും ഫിലിപ്പീൻസ് സർക്കാറിനോടും തന്റെ അഗാധമായ അനുശോചനം അദ്ദേഹം അറിയിക്കുകയും ഉണ്ടായി. പ്രവാസി തൊഴിലാളികളുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് മന്ത്രി ഉറപ്പും നൽകിയിരുന്നു.
2018ൽ ഫിലിപ്പീൻസ് വീട്ടുജോലിക്കാരി ജോവാന ഡാനിയേല ഡെമാഫെലിസ് കൊല്ലപ്പെട്ടത് വലിയ ചർച്ചയായിരുന്നു. തുടർന്ന് ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളുടെ വിന്യാസം നിരോധിച്ചു. തൊഴിലാളികൾക്കുള്ള സംരക്ഷണ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിനെത്തുടർന്ന് നിരോധനം പിൻവലിച്ചു.
2019 മേയിൽ ഫിലിപ്പീൻ വേലക്കാരി കോൺസ്റ്റാൻഷ്യ ലാഗോ ദയാഗ് കുവൈത്തിൽ കൊല്ലപ്പെട്ടു. മാസങ്ങൾക്കുശേഷം, മറ്റൊരു വീട്ടുജോലിക്കാരിയായ ജീൻലിൻ വില്ലവെൻഡെയും കൊല്ലപ്പെട്ടു. ഇതോടെ 2020 ജനുവരിയിൽ ഫിലിപ്പീൻസ് വീണ്ടും തൊഴിലാളി വിന്യാസ നിരോധനം ഏർപ്പെടുത്തി. വില്ലവെൻഡെയുടെ തൊഴിലുടമക്ക് കടുത്ത ശിക്ഷ വിധിച്ചപ്പോഴാണ് നിരോധനം നീങ്ങിയത്. വീട്ടുജോലിക്കാർ ഉൾപ്പെടെ ഏകദേശം 2,68,000 ഫിലിപ്പീൻസുകാർ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.