കുവൈത്ത് സിറ്റി: പി.എം ഫൗണ്ടേഷൻ, ‘ഗൾഫ് മാധ്യമ’വുമായി ചേർന്ന് നടത്തിയ ടാലൻറ് സെർച്ച് പരീക്ഷ മിടുമിടുക്കരുടെ പോർക്കളമായി. ജി.സി.സി രാജ്യങ്ങളിലെ മികച്ച ഇന്ത്യൻ വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിന് സംഘടിപ്പിച്ച ടാലൻറ് സെർച്ച് പരീക്ഷക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. 2017 മാർച്ച് , ഏപ്രിൽ മാസങ്ങളിലെ പത്താം ക്ലാസ് പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ വിദ്യാർഥികളാണ് മാറ്റുരച്ചത്.
പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളിൽ വിദ്യാർഥികളുടെ മാറ്റുനോക്കാൻ പര്യാപ്തമായിരുന്നു ചോദ്യങ്ങൾ. കേരളത്തിലെ 15 കേന്ദ്രങ്ങളിലും ജി.സി.സി രാജ്യങ്ങളിലെ ഒമ്പതു സെൻററുകളിലുമായി ആയിരക്കണക്കിന് വിദ്യാർഥികളാണ് ഒരേസമയം പരീക്ഷ എഴുതിയത്.
കുവൈത്തിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളാണ് വേദിയായത്. ഏറ്റവും മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് പി.എം ഫൗണ്ടേഷൻ ഒന്നേകാൽ ലക്ഷം രൂപയുടെ സ്കോളർഷിപ്പും തുടർപഠന മാർഗനിർദേശങ്ങളും നൽകും. നിശ്ചിത മാർക്ക് നേടുന്ന കുട്ടികൾക്കെല്ലാം ‘അവാർഡ് ഒാഫ് എക്സലൻസ്’ സർട്ടിഫിക്കറ്റും 10,000 രൂപ മൂല്യമുള്ള സമ്മാനങ്ങളും ലഭിക്കും. ‘ഗൾഫ് മാധ്യമം’ കുവൈത്ത് റെസിഡൻറ് മാനേജർ അൻവർ സഇൗദ്, എസ്.എ.പി. ആസാദ്, സി.എ. മനാഫ്, മാർക്കറ്റിങ് ഇൻ ചാർജ് സി.കെ. നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.