കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ അധിനിവേശത്തിന്റെ നഗ്നമായ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കുവൈത്ത് ദേശീയ അസംബ്ലി പാർലമെന്ററി സൗഹൃദസമിതി പ്രതിനിധി സംഘം. എം.പി മുഹമ്മദ് അൽ ഹുവൈലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ഇറ്റലിയിലെ ഡെപ്യൂട്ടി ഹൗസ് വൈസ് പ്രസിഡന്റ് ജോർജിയോ മ്യൂളുമായി നടന്ന കൂടിക്കാഴ്ചയിൽ കുവൈത്ത് സംഘം ഇവ അക്കമിട്ടുനിരത്തി.
ഇസ്രായേൽ അധിനിവേശസേനയുടെ കൊലപാതകങ്ങൾ, നശീകരണം, വംശഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈത്ത് പ്രതിനിധി അഭിപ്രായപ്പെട്ടു. നിരപരാധികൾക്കൊപ്പം നിൽക്കാനും സയണിസ്റ്റ് അസ്തിത്വത്തെ അടിച്ചമർത്താനും അവർ ഇറ്റാലിയൻ പക്ഷത്തോട് ആഹ്വാനംചെയ്തു. സൈനിക പ്രവർത്തനങ്ങൾ നിർത്തിവെക്കാനും ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിന് മാനുഷിക ദുരിതാശ്വാസ വാഹനവ്യൂഹങ്ങൾക്ക് സുരക്ഷിതമായ വഴികൾ നൽകാനും ഇടപെടാനും ഉണർത്തി.
ഇറ്റാലിയൻ-കുവൈത്ത് പാർലമെന്ററി സൗഹൃദ സമിതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് പ്രതിനിധി സംഘത്തിന്റെ റോം സന്ദർശനമെന്ന് അൽ ഹുവൈല പറഞ്ഞു. എം.പിമാരായ ഫാരെസ് അൽ ഒതൈബി, ബദർ അൽ ഷമാരി, ബദർ അൽ എൻസി എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. പ്രതിനിധി സംഘം ഇറ്റലിയിലെ മുതിർന്ന നിയമനിർമാതാക്കളുമായും കൂടിക്കാഴ്ച നടത്തി. ഇറ്റലിയിലെ കുവൈത്ത് അംബാസഡർ നാസർ അൽ ഖഹ്താനിയും സംഘത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.