ദേശീയ അസംബ്ലി സമ്മേളനം തയാറെടുപ്പ് തുടങ്ങി; മന്ത്രിസഭ പ്രഖ്യാപനം ഉടൻ

കുവൈത്ത് സിറ്റി: രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഈമാസം 18ന് നിശ്ചയിച്ച ദേശീയ അസംബ്ലി ഉദ്ഘാടന സമ്മേളനത്തിനുള്ള ഒരുക്കം തുടങ്ങി. ഉദ്ഘാടന സമ്മേളനത്തിന് ദേശീയ അസംബ്ലി സെക്രട്ടേറിയറ്റ് ക്ഷണങ്ങൾ അയച്ചതായി അറിയിച്ചു. ആദ്യ സമ്മേളനത്തിൽ നയതന്ത്രജ്ഞർ, മുതിർന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരെ ക്ഷണിക്കാറുണ്ട്. ഇതോടെ മന്ത്രിസഭ പ്രഖ്യാപനവും ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സമ്മേളനത്തിനുമുമ്പ് സർക്കാർ രൂപവത്കരണം നടക്കേണ്ടതുണ്ട്. സെപ്റ്റംബർ 29ലെ തെരഞ്ഞെടുപ്പിനു പിറകെ ഒക്ടോബർ 11ന് ആദ്യ അസംബ്ലി സമ്മേളനം നിശ്ചയിച്ചിരുന്നു. തുടർന്ന് നിയുക്ത പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ കീഴിൽ മന്ത്രിമാരെയും പ്രഖ്യാപിച്ചു. എന്നാൽ, മന്ത്രിസഭാ അംഗങ്ങൾക്കെതിരെ എം.പിമാർ രംഗത്തുവന്നതോടെ സമ്മേളന തീയതി മാറ്റിവെക്കുകയായിരുന്നു.

തുടർന്നാണ് ഈ മാസം 18ലേക്ക് നിശ്ചയിച്ചത്. എന്നാൽ, ആദ്യ അസംബ്ലി സമ്മേളനം വൈകിപ്പിക്കുന്നത് ഭരണഘടന ലംഘനമാണെന്നും 18നും മുമ്പേ സമ്മേളനം നടക്കണമെന്നും പ്രതിപക്ഷവും നിയമജ്ഞരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സർക്കാർ രൂപവത്കരണം, ദേശീയ അസംബ്ലിയുമായുള്ള സഹകരണം എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി ഇതിനകം 50ഓളം എം.പിമാരുമായി ചർച്ചനടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വനിത എം.പിമാരായ ജെനൻ ബുഷെഹ്‌രി, ആലി അൽ ഖാലിദ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

നിലപാടുകൾക്കും തീരുമാനങ്ങൾക്കും അനുസരിച്ചായിരിക്കും അസംബ്ലിയും സർക്കാറും തമ്മിലുള്ള സഹകരണമെന്ന് ബുഷെഹ്‌രി പറഞ്ഞു. പൗരത്വത്തിനായി പ്രത്യേക കമീഷൻ രൂപവത്കരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ആലി അൽ ഖാലിദ് പറഞ്ഞു. ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾകൂടി കണക്കിലെടുത്താകും മന്ത്രിമാരുടെ പേരുകൾ നിശ്ചയിക്കുക എന്നാണ് സൂചന. നേരത്തേ നിശ്ചയിച്ചവരുടെ പട്ടികയിൽനിന്ന് ചിലർ പുറത്താകുകയും പുതിയവർ എത്തും എന്നും ഉറപ്പാണ്. ഈ ആഴ്ചതന്നെ പുതിയ മന്ത്രിസഭ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 

തെരഞ്ഞെടുപ്പിനെതിരെ 36 പരാതികൾ

കുവൈത്ത് സിറ്റി: സെപ്റ്റംബർ 29ന് നടന്ന പൊതുതെരഞ്ഞെടുപ്പിനെതിരെ ഭരണഘടനാ കോടതിയിൽ വ്യാഴാഴ്ച ഒമ്പതു പുതിയ ഹരജികൾകൂടി ലഭിച്ചു. ഇതോടെ കോടതിക്ക് ലഭിച്ച പരാതികളുടെ എണ്ണം 36 ആയി. ഞായറാഴ്ചയാണ് സ്ഥാനാർഥികൾ പരാതി സമർപ്പിക്കേണ്ട അവസാന ദിവസം. തോറ്റ സ്ഥാനാർഥികളാണ് പരാതി നൽകിയവരിൽ ഭൂരിപക്ഷവും. വോട്ടെണ്ണലിലും കണക്കുകളിലും പിഴവുകളുണ്ടെന്ന് ഇവർ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് മൊത്തത്തിൽ റദ്ദാക്കണമെന്ന് ആവശ്യവും ചിലർ ഉയർത്തിയിട്ടുണ്ട്.

Tags:    
News Summary - Preparations for the National Assembly session began; Cabinet announcement soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.