കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനെ ഡെപ്യൂട്ടി അമീറായി നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. അമീർ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ പ്രധാനമന്ത്രിക്കായിരിക്കും ചുമതല.
പുതിയ കിരീടാവകാശിയെ നാമകരണം ചെയ്യുന്നതുവരെ ഈ നടപടി സാധുവായിരിക്കുമെന്ന് അമീർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി ഈ ഉത്തരവ് ദേശീയ അസംബ്ലിയെ അറിയിക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തിൽ വരും. മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചതോടെ കിരീടാവകാശിയായിരുന്ന ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുതിയ അമീറായി ചുമതലയേറ്റിരുന്നു.
പകരം കിരീടാവകാശിയെ നിയമിച്ചിട്ടില്ല. അമീറിന്റെ അഭാവത്തിൽ ഡെപ്യൂട്ടി അമീറായ കിരീടാവകാശിയാണ് ചുമതലകൾ വഹിക്കാൻ അധികാരി. പുതിയ കിരീടാവകാശിയെ പ്രഖ്യാപിക്കുന്നതുവരെ പ്രധാനമന്ത്രിക്കായിരിക്കും ഇനി ഡെപ്യൂട്ടി അമീറിന്റെ ചുമതല വഹിക്കുക.
പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് അമീറിന് വേണ്ടി പ്രവർത്തിക്കുന്ന സമയത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് പ്രധാനമന്ത്രിയുടെ ചുമതല നിർവഹിക്കും. ഇതു സംബന്ധിച്ച ഉത്തരവും അമീർ പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.