കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കുന്നത് നിർത്തിവെച്ചതിനാൽ ഫിലിപ്പീൻസിന് നഷ്ടമാകുന്നത് വൻ തൊഴിലവസരം. ഇതുവഴി 47,000 തൊഴിലവസരം നഷ്ടപ്പെടുമെന്ന് ഫിലിപ്പീൻസ് ഓവർസീസ് എംപ്ലോയ്മെന്റ് അഡ്മിനിസ്ട്രേഷൻ അഡ്മിനിസ്ട്രേറ്റർ ഹാൻസ് കാക്ഡാക്ക് വ്യക്തമാക്കി.
കുവൈത്തിലേക്ക് പുതിയ തൊഴിലാളികളെ അയക്കുന്നത് മാത്രമാണ് ഫിലിപ്പീൻസ് നിർത്തിവെച്ചത്. അതേസമയം, നിരവധി തൊഴിലാളികൾ ദിവസവും കുവൈത്ത് വിടുന്നുണ്ട്. വീട്ടുജോലിക്കാർ ഉൾപ്പെടെ ഏകദേശം 2,68,000 ഫിലിപ്പീൻസുകാർ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
കുവൈത്തിൽ ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഫിലിപ്പീൻസ് കഴിഞ്ഞയാഴ്ച റിക്രൂട്ട്മെന്റ് നിര്‍ത്തലാക്കിയത്. തൊഴിലാളികള്‍ക്കെതിരെ ആക്രമണവും കുറ്റകൃത്യങ്ങളും വർധിച്ചതായി ഫിലിപ്പീൻസ് ചൂണ്ടിക്കാട്ടുന്നു.
ഫിലിപ്പീൻ കുടിയേറ്റ തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം 24,000 കേസ് രജിസ്റ്റര്‍ ചെയ്തതായി ഫിലിപ്പീൻ ഓവർസീസ് എംപ്ലോയ്മെന്റ് ചെയര്മാന് ജോവാന കൺസെപ്ഷൻ പറഞ്ഞു.
ഗാർഹികത്തൊഴിലാളി 35കാരിയായ ജുലേബി റണാരയ അടുത്തിടെ കൊല്ലപ്പെട്ടതാണ് കുവൈത്തുമായുള്ള ബന്ധത്തിൽ ഫിലിപ്പീൻസ് പുനരാലോചനക്ക് കാരണം. 2018ൽ ഫിലിപ്പീൻസ് വീട്ടുജോലിക്കാരി ജോവാന ഡാനിയേല ഡെമാഫെലിസ് കൊല്ലപ്പെട്ടത് വലിയ ചർച്ചയായിരുന്നു.
തുടർന്ന് ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളുടെ വിന്യാസം നിരോധിച്ചു. തൊഴിലാളികൾക്കുള്ള സംരക്ഷണ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിനെത്തുടർന്ന് നിരോധനം പിൻവലിച്ചു. 2019 മേയിൽ ഫിലിപ്പീൻ വേലക്കാരി കോൺസ്റ്റാൻഷ്യ ലാഗോ ദയാഗ് കൊല്ലപ്പെട്ടു.
മാസങ്ങൾക്കുശേഷം, മറ്റൊരു വീട്ടുജോലിക്കാരിയായ ജീൻലിൻ വില്ലവെൻഡെയും കൊല്ലപ്പെട്ടു. ഇതോടെ 2020 ജനുവരിയിൽ ഫിലിപ്പീൻസ് വീണ്ടും തൊഴിലാളി വിന്യാസ നിരോധനം ഏർപ്പെടുത്തി. വില്ലവെൻഡെയുടെ തൊഴിലുടമക്ക് കടുത്ത ശിക്ഷ വിധിച്ചപ്പോഴാണ് നിരോധനം നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.