കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം തുടരുന്ന ഫലസ്തീന് കുവൈത്ത് സഹായം തുടരുന്നു. ‘ഫലസ്തീനെ പിന്തുണക്കുക’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മാനുഷിക സഹായവുമായി തങ്ങളുടെ സംഘം വടക്കൻ ഗസ്സയിൽ എത്തിയതായി റഹ്മ വേൾഡ് വൈഡ് ഓർഗനൈസേഷൻ അറിയിച്ചു. ഫെബ്രുവരിക്ക് ശേഷം ഗസ്സയിൽ എത്തുന്ന ഏറ്റവും വലിയ മാനുഷിക സഹായ സംഘമാണിത്. ആയിരക്കണക്കിന് ഗസ്സക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മാംസം, ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ എന്നിവ കുവൈത്ത് വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗസ്സയിലെ കുവൈത്ത് ചാരിറ്റി മേധാവി ഷാദി താത്ത പറഞ്ഞു.
സഹായ വിതരണ സംഘം വടക്കൻ ഗസ്സയിലേക്ക് നീങ്ങുകയും ദുർബലരായ ആളുകൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്യാൻ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഫലസ്തീനിലും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലും ദുർബലരായ ജനങ്ങളെ സഹായിക്കുന്നതിൽ കുവൈത്തിന്റെ മാനുഷിക പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, ഇന്ധനം, വസ്ത്രങ്ങൾ, കൂടാരങ്ങൾ തുടങ്ങി ഫലസ്തീനിലെ ജനങ്ങൾക്ക് അടിയന്തര ദുരിതാശ്വാസ സഹായം അയക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീന് പൂർണാംഗത്വം നൽകുന്നതിൽ രക്ഷാസമിതിയുടെ (യു.എൻ.എസ്.സി) പരാജയം ദുഃഖകരമെന്ന് കുവൈത്ത്. ഫലസ്തീന്റെ അംഗത്വം അംഗീകരിക്കുന്നതിൽ യു.എൻ.എസ്.സി പരാജയപ്പെട്ടതിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.
ഫലസ്തീനിലെ സ്ഥിതിഗതികൾ പരിഹരിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഫലസ്തീന്റെ അംഗത്വ പ്രമേയത്തെ ഐക്യരാഷ്ട്ര സഭയിൽ പിന്തുണച്ച അറബ് രാജ്യങ്ങളെയും സൗഹൃദ രാജ്യങ്ങളെയും കുവൈത്ത് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.