കുവൈത്ത് സിറ്റി: ആയിരം മാസത്തേക്കാൾ ശ്രേഷ്ഠകരമെന്ന് ഖുർആൻ വിശേഷിപ്പിക്കുന്ന ലൈലത്തുൽ ഖദ്റിന് (ഖുർആൻ അവതീർണമായ രാവ്) കൂടുതൽ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന 27ാം രാവിൽ രാത്രി നമസ്കാരത്തിന് വിശ്വാസികളുടെ പ്രവാഹം. തിങ്കളാഴ്ച രാത്രി വിശ്വാസികൾ ഒഴുകിയതോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ പള്ളികൾ ജനസാഗരമായി. ഏറ്റവും കൂടുതൽ പേർ രാത്രി നമസ്കാരത്തിനെത്തിയത് രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിലാണ്.
രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ 10,000ത്തിലധികം പേരാണ് രാത്രി നമസ്കാരത്തിനെത്തിയത്. പ്രമുഖ പള്ളികളിൽ കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. ഫയർഫോഴ്സും ആംബുലൻസുകളുമെല്ലാം സജ്ജീകരിച്ചിരുന്നു. പഴുതടച്ചുള്ള സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയാണ് ആളുകളെ അകത്ത് പ്രവേശിപ്പിച്ചത്.
ലൈലത്തുൽ ഖദ്ർ പ്രതീക്ഷയിൽ വിശ്വാസികൾ നേരത്തേ തന്നെ പള്ളിയിൽ ഇരിപ്പുറപ്പിച്ച് ആരാധനകളിൽ മുഴുകി. മസ്ജിദിന് പുറത്തേക്കും നമസ്കാരത്തിെൻറ നിര നീണ്ടു. ഖിയാമുല്ലൈൽ അവസാനിപ്പിക്കുന്ന വിത്ർ നമസ്കാരത്തിലെ ഖുനൂത്ത് ഭക്തിസാന്ദ്രമായിരുന്നു. ചെയ്തുപോയ പാപങ്ങളിൽനിന്ന് മോചനം തേടിയുള്ള മനമുരുകും പ്രാർഥന ഹൃദ്യമായിരുന്നു. മികച്ച ഖാരിഉകൾ നേതൃത്വം നൽകുന്നതിനാൽ അദലിയ, ജാബിർ അലി, ജനൂബ് സുർറ എന്നിവിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.