കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശി-വിദേശി ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാന്‍ സിവിൽ സർവിസ് കമീഷൻ തീരുമാനം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് നിർദേശം നൽകിയതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വർധിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
2000ത്തിന്റെ തുടക്കം മുതലുള്ള എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കും. വിവിധ സർക്കാർ മന്ത്രാലയങ്ങള്‍ ജീവനക്കാരുടെ യോഗ്യത സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾക്കൊപ്പം സാങ്കേതിക സർട്ടിഫിക്കറ്റുകളും സമർപ്പിക്കാൻ വിവിധ മന്ത്രാലയങ്ങള്‍ക്ക് സിവിൽ സർവിസ് കമീഷൻ നിർദേശം നൽകി.
വിദേശ സർട്ടിഫിക്കറ്റുകളായിരിക്കും പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്ന് കുവൈത്ത് സർട്ടിഫിക്കറ്റുകളും പരിശോധിക്കും. നേരത്തേ എൻജിനീയർമാരുടെ സർട്ടിഫിക്കറ്റ് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി മുഖേന പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.
സമാനമായ രീതിയില്‍ ഓരോ മേഖലയിലെയും പ്രഫഷനൽ സൊസൈറ്റികൾ മുഖേന സർട്ടിഫിക്കറ്റുകൾ പരിശോധന നടത്താനും അധികൃതര്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. തൊഴിൽ മേഖലയിൽ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാണ് വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്നത്. ഇതിലൂടെ രാജ്യത്ത് നിന്ന് അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനയില്‍ നൂറുക്കണക്കിന് വ്യാജ സർട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.