കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യ അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിൽ കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് നരേന്ദ്ര മോദിയുടെ പ്രസ്താവന. യു.എൻ ജനറൽ അസംബ്ലിയുടെ (യു.എൻ.ജി.എ) 79ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രി മോദിയും കുവൈത്ത് കിരീടാവകാശിയും തമ്മിലുള്ള ആദ്യ നേരിട്ടുള്ള ആശയവിനിമയമാണിത്.
യു.എൻ സമ്മേളനത്തിനിടെ ഇന്ത്യൻ പ്രതിനിധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കുവൈത്തും ഇന്ത്യയും തമ്മൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ എന്നിവ കിരീടാവകാശിയും മോദിയും ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ചരിത്ര ബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ഇരു നേതാക്കളും അനുസ്മരിച്ചു. ഊർജ, ഭക്ഷ്യസുരക്ഷാ ആവശ്യകതകളിൽ പരസ്പരം പിന്തുണക്കുന്നതിൽ സംതൃപ്തി രേഖപ്പെടുത്തി. ഉഭയകക്ഷി ബന്ധങ്ങൾ ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനുമുള്ള ഉറച്ച പ്രതിബദ്ധതയും പ്രകടിപ്പിച്ചു.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പായ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് പ്രധാനമന്ത്രി കിരീടാവകാശിക്ക് നന്ദി പറഞ്ഞു. കൂടിക്കാഴ്ച ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പുതിയ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രായലം വ്യക്തമാക്കി.
കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ അതോറിറ്റി (കെ.ഡി.പി.എ) ഡയറക്ടർ ജനറൽ ശൈഖ് ഡോ.മിശ്അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർസെക്രട്ടറി ദിവാൻ മാസെൻ അൽ ഈസ, വിദേശകാര്യ മന്ത്രിയുടെ ഓഫീസിലെ അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രി ബദർ അൽ തുനൈബ്, യു.എന്നിലെ കുവൈത്ത് സ്ഥിരം പ്രതിനിധി താരീഖ് അൽ ബന്നായ് എന്നിവരും കൂടികാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.