കുവൈത്ത് സിറ്റി: കുവൈത്തിൽ പച്ചക്കറി പാക്കിങ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ രണ്ടു കർണാടക സ്വദേശികളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രക്ഷപ്പെടുത്തി. വിജയ്പുർ ജില്ലയിലെ ബാബലേശ്വർ താലൂക്കിൽ സംഗാപുര സ്വദേശികളായ സച്ചിൻ ജംഗമഷെട്ടി (21), വിശാൽ സെലാർ (22) എന്നിവരാണ് തട്ടിപ്പിനിരയായത്.
മുംബൈ ആസ്ഥാനമായ ഏജൻസിയാണ് ഒരുലക്ഷം രൂപ വീതം വാങ്ങി ഇവരെ കുവൈത്തിലേക്ക് കൊണ്ടുപോയത്. ഏജൻസിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നാട്ടിലെത്തിയ യുവാക്കൾ പറഞ്ഞു
പച്ചക്കറി പാക്കിങ് മേഖലയിലെ ജോലിക്ക് പ്രതിമാസം 32,000 രൂപ ശമ്പളം ലഭിക്കുമെന്നാണ് ഏജൻസി വാഗ്ദാനം ചെയ്തിരുന്നത്. പാസ്പോർട്ട്, വിസ, ഫ്ലൈറ്റ് ചാർജുകൾ, കമീഷൻ ഇനത്തിലാണ് ഒരു ലക്ഷം രൂപ വാങ്ങിയത്. എന്നാൽ, കുവൈത്തിലെത്തിയപ്പോൾ പറഞ്ഞ ജോലിക്ക് പകരം ഒട്ടകത്തെ പരിപാലിക്കുന്നതിന് ഇവർ നിർബന്ധിതരായി. പറഞ്ഞ ശമ്പളം നൽകിയില്ല എന്നതിന് പുറമെ, അവഹേളനത്തിനും ശാരീരിക ആക്രമണത്തിനും വിധേയരായെന്നും യുവാക്കൾ പറഞ്ഞു.
അതിക്രമങ്ങൾക്കെതിരെ പരാതി ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ അവർ കൂടുതൽ ആക്രമിക്കപ്പെട്ടു. ഇതറിഞ്ഞ യുവാക്കളുടെ കുടുംബാംഗങ്ങൾ ബി.ജെ.പി നേതാവ് ഉമേഷ് കൊളാക്കോറിനോട് കാര്യം പറഞ്ഞു. അദ്ദേഹം രമേഷ് ജിഗജിനഗി എം.പിയുടെ സഹായത്തോടെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിൽ കഴിഞ്ഞ ദിവസം യുവാക്കൾ നാട്ടിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.