കുവൈത്ത് സിറ്റി: വാട്സ്ആപ് തട്ടിപ്പുകാരുണ്ട്. കുവൈത്തിലെ നിരവധി പേരുടെ വാട്ട്സ്ആപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സൈബർ സുരക്ഷ വിദഗ്ധനും കുവൈത്ത് ഇലക്ട്രോണിക് മീഡിയ യൂനിയനിലെ സൈബർ സുരക്ഷസമിതി തലവനുമായ മുഹമ്മദ് അൽ റാഷിദി പറഞ്ഞു. നൂതന രീതിയിലാണ് ഹാക്കിങ് നടക്കുന്നതെന്ന് അൽറായി പത്രത്തെ ഉദ്ദരിച്ച് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. അജ്ഞാത നമ്പറിൽനിന്നുള്ള വാട്സ്ആപ് സന്ദേശത്തിലൂടെയാണ് ഹാക്ക് ആരംഭിക്കുന്നത്. അങ്ങോട്ട് സന്ദേശം ഒന്നും അയച്ചില്ലെങ്കിലും മറുപടി എന്ന രീതിയിൽ തട്ടിപ്പുകാർ ലക്ഷ്യമിട്ട ആളുടെ നമ്പറിലേക്ക് തുടർച്ചയായി സന്ദേശം അയക്കും. ഒരേ ഉള്ളടക്കവും ഒരേ രീതിയും വ്യത്യസ്ത നമ്പറുകളും തട്ടിപ്പുകാർ ഉപയോഗിക്കും. ഇതോടെ അക്കൗണ്ട് ഉടമ തന്റെ അക്കൗണ്ടിന് തകരാർ സംഭവിച്ചതായി സംശയിക്കും. ഈ സന്ദേശങ്ങൾക്ക് ഒരു മണിക്കൂറിന് ശേഷം വാട്സ്ആപ് ആപ്ലിക്കേഷന്റെ സാങ്കേതിക വിഭാഗത്തിൽനിന്നാണെന്ന രൂപത്തിൽ സന്ദേശം അയക്കും. നിങ്ങളുടെ അക്കൗണ്ട് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നു എന്ന പരാതിയുണ്ട് എന്നാകും ഇതിലെ ആശയം.
ഇതോടെ അക്കൗണ്ട് ഉടമ കെണിയിൽ വീഴും. തുടർന്ന് വാട്സ്ആപ്പിൽനിന്ന് ഒരു കോഡ് അയക്കുമെന്നും അതിനാൽ അക്കൗണ്ട് താൽക്കാലികമായി നിർത്തിവെക്കില്ലെന്നും ഉറപ്പു നൽകും. എന്നാൽ കോഡ് കൈമാറുന്നതോടെ അക്കൗണ്ട് ഉടൻ ഹാക്ക് ചെയ്യപ്പെടും. അതിനാൽ തട്ടിപ്പിൽ വീഴാതെ സൂക്ഷ്മത പാലിക്കാനും കോഡ് ആർക്കും നൽകരുതെന്നും മുഹമ്മദ് അൽ റാഷിദി ഉണർത്തി. മറ്റു മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ ഒരു വാട്സ് ആപ് അക്കൗണ്ട് ഉണ്ടാക്കുന്ന ഹാക്കർമാരും ഉണ്ട്. ഇതിന്റെ ഭാഗമായി നമ്പറിന്റെ യഥാർഥ ഉടമക്ക് ആറക്ക വെരിഫിക്കേഷൻ കോഡ് ലഭിക്കും. ഈ കോഡ് ഷെയർ ചെയ്യാൻ ഹാക്കർമാർ മൊബൈൽ നമ്പറിന്റെ ഉടമയെ പ്രേരിപ്പിക്കും. എന്നാൽ കോഡ് കൈമാറുന്നതോടെ വാട്സ്ആപ്പിന്റെ പൂർണ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുക്കും. വാട്സ്ആപ്പിലെ മറ്റു ഫോൺ നമ്പറുകളുമായി ആശയവിനിമയം നടത്തുകയും യഥാർഥ ഉടമയെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവരെയും തട്ടിപ്പിനിരയാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.