കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്ക് ഷെങ്കൻ വിസ അനുവദിക്കുന്നതിൽ യൂറോപ്യൻ യൂനിയന് താൽപര്യമുണ്ടെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ. കുവൈത്തിൽ പുതിയ ഓഫിസ് തുറന്നതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യൂറോപ്യൻ യൂനിയൻ മിഷന്റെ ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്ത്-യൂറോപ്യൻ ബന്ധം ശക്തവും ക്രമാനുഗതവുമായി വളരുന്നതായും കുവൈത്തികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നതിൽ യൂറോപ്യൻ യൂനിയന് താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇതിൽ തീരുമാനം ഉണ്ടാകുമെന്നും പ്രതീക്ഷ പുലർത്തി. സാമ്പത്തികം, വ്യാപാരം, സാംസ്കാരികം, സുരക്ഷ എന്നിവയുൾെപ്പടെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്നതാണ് കുവൈത്ത്-യൂറോപ്യൻ ബന്ധമെന്ന് ഗൾഫ് മേഖലയിലെ യൂറോപ്യൻ യൂനിയൻ പ്രത്യേക ദൂതൻ ലൂയിജി ഡി മായോ പറഞ്ഞു. ലോകരാജ്യങ്ങളിൽ സമാധാനത്തിനുവേണ്ടി വാദിക്കുന്നതിൽ കുവൈത്തിന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പിരിമുറുക്കവും പ്രയാസകരവുമായ സമയങ്ങളിൽ മേഖലയിലും പുറത്തും സ്ഥിരത നിലനിർത്തുന്നതിൽ കുവൈത്തിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു. ഷെങ്കൻ വിസ സൗകര്യം ലഭിക്കുന്നതോടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വിസരഹിതമായി കുവൈത്ത് പൗരന്മാർക്ക് സഞ്ചരിക്കാൻ കഴിയും. ഇത് കുവൈത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. കുവൈത്തിൽ നിന്നുള്ള ഏറെ പേർ സന്ദർശകരായുള്ള ഇടമാണ് യൂറോപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.