കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്ക് ഷെങ്കൺ അനുവദിക്കുന്നതിന് സൗകര്യമൊരുക്കണമെന്ന് കുവൈത്ത് യൂറോപ്യൻ രാജ്യങ്ങളോട് അഭ്യർഥിച്ചു. യൂറോപ്യൻ അംബാസഡർമാർ, നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, കുവൈത്തിൽ സേവനമനുഷ്ഠിക്കുന്ന ചാർജ് ഡിഅഫയർമാർ എന്നിവർക്കായി സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിൽ വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹാണ് ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരമായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ഷെങ്കൻ വിസ തേടുന്ന കുവൈത്ത് പൗരന്മാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും അപേക്ഷ നടപടിക്രമങ്ങൾ സുഗമമാക്കാനും കൂടുതൽ തീയതികൾ നിശ്ചയിക്കാനും പേപ്പർ ജോലികൾ വേഗത്തിലാക്കാനും നയതന്ത്രജ്ഞരോട് ശൈഖ് സലിം ആവശ്യപ്പെട്ടു.
കുവൈത്ത് പൗരന്മാർക്കുള്ള ഷെങ്കൻ വിസക്ക് വർഷങ്ങൾ സാധുതയുള്ളതായിരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ചടന്ന കൂടിച്ചേരലിൽ ശൈഖ് സലിം അഭ്യർഥിച്ചു. യാത്രസീസണിൽ വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനും യൂറോപ്യൻ രാജ്യങ്ങളിലെ റിസോർട്ടുകളിലേക്ക് കുവൈത്തികൾക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള മിഷനുകളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഷെങ്കൻ വിസ സൗകര്യം ലഭിക്കുന്നതോടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വിസരഹിതമായി സഞ്ചരിക്കാൻ കഴിയും. കുവൈത്ത് പൗരന്മാർക്ക് ഇത് അനുവദിക്കുന്നത് ഏറെക്കാലത്തെ ചർച്ചയാണ്. 2022 ഡിസംബറിൽ പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തര കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള യൂറോപ്യൻ യൂനിയൻ കമ്മിറ്റി കുവൈത്ത് പൗരന്മാർക്കുള്ള ഷെങ്കൻ വിസ ആവശ്യകത എടുത്തുകളയുന്നതിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഫയൽ തിരിച്ചയക്കാൻ യൂറോപ്യൻ പാർലമെന്റ് തീരുമാനമെടുത്തതോടെ സാധ്യത മങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.