കുവൈത്ത് സിറ്റി: രാജ്യത്തെ പ്രൈമറി സ്കൂള്‍തലങ്ങളില്‍ വിദ്യാർഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി പുതിയ പദ്ധതികള്‍ ഉടന്‍ ആവിഷ്കരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അറബിക് ഭാഷ, ഗണിതം, ശാസ്ത്രം, ഇസ്ലാമിക പഠനം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാർഥികളെ കൂടുതല്‍ മികവുറ്റവരാക്കുകയെന്നതാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ഒന്നാം ക്ലാസ് മുതല്‍ സ്കൂള്‍ കേന്ദ്രീകരിച്ചു പദ്ധതി നടപ്പില്‍ വരുത്തും. പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി പ്രത്യേക മാനദണ്ഡങ്ങളിലൂടെയായിരിക്കും അധ്യാപകരെ തിരഞ്ഞെടുക്കുക. മാത്രമല്ല, അധ്യാപകര്‍ക്കുവേണ്ട ഉന്നതതല പരിശീലന ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. അറബിക് ഭാഷയില്‍ കഴിവുറ്റ തലമുറയെ വാര്‍ത്തെടുക്കുന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. അറബിക് ഭാഷയില്‍ രാജ്യത്തെ പുതിയ തലമുറ വളരെയധികം പിന്നിലാണ്. മൊത്തം അറേബ്യന്‍ രാജ്യങ്ങളിലും അറബിക് ഭാഷയോടുള്ള താല്പര്യം പുതിയ തലമുറയില്‍ കുറഞ്ഞു വരുകയാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പ്രൈമറി തലത്തില്‍നിന്നു തന്നെ ഇത്തരം പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. അനുയോജ്യമായ അധ്യാപകരെ നിശ്ചയിക്കുക എന്നതും ഈ പദ്ധതികൊണ്ട് മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷം ക്ലാസ് തുടങ്ങിയതോടെ കിൻറർഗാർട്ടൻ/പ്രൈമറി വിഭാഗങ്ങളിൽ 8700 കുട്ടികളാണ് സ്കൂളുകളിൽ എത്തിയത്. മികവുറ്റ തലമുറയെ വാർത്തെടുക്കാൻ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളും സൗഹൃദ പഠനാന്തരീക്ഷവും ഏറ്റവും നവീനമായ പഠന സംവിധാനങ്ങളടങ്ങുന്ന സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെ സജ്ജീകരിച്ചാണ് കുരുന്നുകളെ വരവേറ്റത്. മാത്രമല്ല, വിദ്യാഭ്യാസത്തിലൂടെ വലിയ മുന്നേറ്റത്തിന് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെ ഒട്ടേറെ വിഭിന്നവും വ്യത്യസ്തവുമായ പദ്ധതികളും മറ്റുമാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
കൂടുതൽ പദ്ധതികളും ഇൗ അധ്യയന വർഷാരംഭത്തിൽ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ വ്യത്യസ്ത ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു പുതിയ എട്ട് വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂള്‍ കെട്ടിടം നിർമാണം, നഴ്സറി പദ്ധതികള്‍, ഹവല്ലി വിദ്യാഭ്യാസ മേഖലകളിലെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കുന്നത്.
രാജ്യത്തെ വിദ്യാഭ്യാസ മേഖലകള്‍ കേന്ദ്രീകരിച്ചു 2018-19 അധ്യയന വര്‍ഷത്തില്‍ പുതിയ ഒമ്പത് പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും പദ്ധതികള്‍ സ്കൂള്‍ നിർമാണം, നഴ്സറി വികസനം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി യാസീന്‍ അല്‍ യാസീന്‍ നേരേത്ത അറിയിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായാണ് പുതിയ അധ്യായന വര്‍ഷത്തില്‍ 17 സ്കൂളുകള്‍ പഠനത്തിനായി തുറന്നു കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വ്യത്യസ്ത നഗരങ്ങളിലായി 52 സ്കൂളുകള്‍ പുതിയ പദ്ധതിയുടെ ഭാഗമായി നിർമിക്കും.
പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി ഭവനക്ഷേമ വകുപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്. മാത്രമല്ല, മുഴുവന്‍ മന്ത്രാലയത്തിെൻറയും സഹായ സഹകരണങ്ങള്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ഉപയോഗിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അഹ്മദി ഗവര്‍ണറേറ്റില്‍ ആധുനിക സംവിധാനങ്ങളുള്ള നഴ്സറികള്‍ തുറക്കുമെന്നും പദ്ധതിയുടെ നിർമാണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി യാസീന്‍ അല്‍ യാസീന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.