കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ പരിശോധനയിൽ 72 പേർ അറസ്റ്റിലായി. സുലൈബിയ വ്യവസായ മേഖല, ദജീജ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. താമസ നിയമലംഘകർ, ലൈസൻസില്ലാതെ വാഹനമോടിച്ചവർ, മദ്യ മയക്കുമരുന്ന് കേസ് പ്രതികൾ, കോടതി നാടുകടത്താൻ ഉത്തരവിട്ടവർ, സ്പോൺസർ മാറി ജോലി ചെയ്തവർ എന്നിവരാണ് പിടിയിലായത്.
പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ പരിശോധന കാമ്പയിൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയതിനെ തുടർന്ന് ജയിലിൽ ആളുകുറഞ്ഞതോടെ പരിശോധന ചെറിയ തോതിൽ വീണ്ടും ആരംഭിക്കുകയായിരുന്നു. ഡിസംബർ ഒന്നുമുതൽ ഒരാഴ്ചക്കിടെ 474 പേരെ നാടുകടത്തി. കഴിഞ്ഞ നാലുമാസമായി എല്ലാ മാസവും രണ്ടായിരത്തിലേറെ ആളുകളെ നാടുകടത്തുന്നുണ്ട്. താമസ നിയമ ലംഘകരെയും മറ്റു നിയമ ലംഘകരെയും പിടികൂടാൻ പരിശോധന ശക്തമാക്കാനാണ് നിലവിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ വേഗത്തിൽ തിരിച്ചയക്കാൻ നിർദേശിച്ചത്.
അതിനൊപ്പം പരിശോധന നടത്തി നിയമലംഘകരെ പിടികൂടുകയും ചെയ്യും. 180000ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്. വ്യാപക പരിശോധന നടത്തി ഇവരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കണമെന്ന് തന്നെയാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.