കുവൈത്ത് സിറ്റി: അറബ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിൽ കുവൈത്തിന് നേട്ടം. 50 ബാങ്കുകളുടെ പട്ടികയിൽ കുവൈത്തില്‍നിന്ന് ഏഴ് ബാങ്കുകള്‍ ഇടംപിടിച്ചു. ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റാണ് പട്ടിക പുറത്തിറക്കിയത്. ലിസ്റ്റിലെ ആദ്യ പത്തില്‍ കുവൈത്തിലെ രണ്ട് ബാങ്കുകള്‍ ഉണ്ട്.
37.5 ബില്യൺ ഡോളർ വിപണിമൂല്യമുള്ള കുവൈത്ത് ഫിനാൻസ് ഹൗസ് അഞ്ചാം സ്ഥാനത്തെത്തി. 26.3 ബില്യൺ ഡോളറുമായി നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് ആറാം സ്ഥാനത്തും 3.3 ബില്യൺ ഡോളർ വിപണി മൂല്യവുമായി കമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്ത് 33ാം സ്ഥാനത്തുമാണ്. ഗൾഫ് ബാങ്ക് 34ാം സ്ഥാനത്തും ബർഗാൻ ബാങ്ക് 37ാം സ്ഥാനത്തും അൽ-അഹ്ലി ബാങ്ക് 40ാം സ്ഥാനത്തും വർബ ബാങ്ക് 43ാം സ്ഥാനത്തുമാണ്.
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെത്തുടർന്ന് ബാങ്കിങ് മേഖലയില്‍ പ്രതിസന്ധിയുണ്ടെങ്കിലും ഗൾഫ് കോർപറേഷൻ കൗൺസിൽ രാജ്യങ്ങളിൽ ഇസ്ലാമിക് ഫിനാൻസ് അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്. ഇസ്ലാമിക് ബാങ്കുകളിലെ നിക്ഷേപം പരമ്പരാഗത ബാങ്കുകളേക്കാൾ കുറവാണെങ്കിലും മികച്ച ലാഭമാണ് നേടിയത്. സൗദിയില്‍നിന്നും യു.എ.ഇയില്‍നിന്നും പത്ത് ബാങ്കുകള്‍ ഇടംനേടി. 75 ബില്യൺ ഡോളറിന്റെ വിപണി മൂലധനവുമായി സൗദി അൽ റാജ്ഹി ബാങ്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ നാഷനൽ ബാങ്ക് ഓഫ് സൗദി അറേബ്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.