കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹൽ ആപ്പിൽ ഒരു പുതിയ സേവനം കൂടി അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. അംഗീകൃത സിഗ്നേച്ചര്‍ സേവനമാണ് പുതുതായി ചേര്‍ത്തത്. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 141 ലേറെ ഇലക്ട്രോണിക് സേവനങ്ങൾ സഹല്‍ ആപ് വഴി ലഭ്യമാണ്. ബിസിനസ് ഉടമകൾക്കായുള്ള സഹൽ ആപ്ലിക്കേഷന്റെ പതിപ്പിലാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നത്.
ഉപഭോക്താവ് സഹൽ ബിസിനസ് ആപ് ആക്സസ് ചെയ്തതിനുശേഷം അഡ്മിനിസ്ട്രേറ്റിവ് സേവനങ്ങളുടെ ലിസ്റ്റിൽ നിന്നും പബ്ലിക് അതോറിറ്റിയുടെ സേവനങ്ങൾ തിരഞ്ഞെടുക്കുക. തുടര്‍ന്ന് സിഗ്നേച്ചര്‍ ചെയ്യുന്നയാളെ ചേര്‍ത്തതിനുശേഷം ആവശ്യമായ ഫയൽ നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. അതിനുശേഷം ഒപ്പിട്ടയാളുടെ ഇലക്ട്രോണിക് സിഗ്നേച്ചര്‍ രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് അതോറിറ്റി അംഗീകരിക്കുകയും ചെയ്യും. ഡേറ്റ വെരിഫിക്കേഷനും രേഖകളുടെ സാധുതയും ഉറപ്പു വരുത്തിയതിനുശേഷം ഇ-ഫയല്‍ തൊഴിൽ വകുപ്പിലേക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹൽ ആപ് ഒരുക്കിയിട്ടുള്ളത്. പത്തുലക്ഷത്തിലേറെ പേർ നിലവില്‍ സഹല്‍ ആപ്പിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതോടെ വ്യാപാരികള്‍ക്ക് മണിക്കൂറുകള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കാത്തു നില്‍ക്കാതെ ഒരൊറ്റ ആപ്ലിക്കേഷനിലൂടെ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും. സ്ഥാപനങ്ങളുടെ ഉടമകൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ മറ്റുള്ളവരെ നോമിനേറ്റ് ചെയ്യാനും ആപ്പില്‍ സൗകര്യം ഉണ്ട്.
പേപ്പർ അധിഷ്ഠിത ഇടപാടുകൾ പൂർണമായി അവസാനിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബറിലാണ് സഹൽ ആപ് പുറത്തിറക്കിയത്. 13 സർക്കാർ ഏജൻസികളുടെ 121 സേവനങ്ങൾ ഓൺലൈനാക്കിയായിരുന്നു തുടക്കം. തുടർന്ന് വിവിധ സേവനങ്ങൾ കൂട്ടിച്ചേർത്തു. വൈകാതെ മുഴുവൻ സേവനങ്ങളും ആപ്പുവഴിയാക്കി സമ്പൂർണ ഡിജിറ്റൽ സംവിധാനം കൈവരിക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.