കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങളും വ്യാജ വാർത്തകളും വിഭാഗീയത വളർത്തുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ നടപടി വരുന്നു. ഇതിനായി ശക്തമായ നിരീക്ഷണത്തിലൂടെ പട്ടിക തയാറാക്കുന്ന തിരക്കിലാണ് അധികൃതർ. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ പൂട്ടിക്കുന്നതിനുപുറമേ പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി ഉചിതമായ ശിക്ഷ ഉറപ്പാക്കും. സമൂഹമാധ്യമങ്ങളെല്ലാം ഇപ്പോൾ കനത്ത നിരീക്ഷണത്തിലാണ്. രാജ്യത്തിനു പുറത്തുനിന്നാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെങ്കിൽ അതിെൻറ സ്രോതസ്സ് കണ്ടെത്തി വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാനാണ് നീക്കം. നടപടികൾ കാര്യക്ഷമമാക്കാൻ വിവിധ ഏജൻസികളുമായുള്ള ചർച്ചകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
രാജ്യത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങളും അപവാദങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് അഹ്മദ് അൽ ഫാദൽ എം.പി നേരേത്തതന്നെ ആവശ്യമുന്നയിച്ചിരുന്നു. കുവൈത്ത് അമീറിെൻറ ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട് അവാസ്തവമായ വാർത്തകളാണ് ഇത്തരം അക്കൗണ്ടുകളിലൂടെ പ്രചരിച്ചിരുന്നത്. കുവൈത്തിനെ ശത്രുവായി കണക്കാക്കിയാണ് ഇൗ സമൂഹമാധ്യമ പ്രൊഫൈലുകൾ പ്രവർത്തിക്കുന്നത്. കുവൈത്തികളല്ലാത്തവരാണ് രാജ്യത്തെ അപകീർത്തിപ്പെടുത്താനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കു പിന്നിൽ. സംശയാസ്പദമായ എല്ലാ അക്കൗണ്ടുകളും കൃത്യമായി നിരീക്ഷണം നടത്താൻ ഇൻഫർമേഷൻ മന്ത്രാലയവും സൈബർ ക്രൈം ഡിപ്പാർട്മെൻറും മുന്നോട്ടുവരണം. കുറ്റക്കാരെന്ന് കണ്ടെത്തുന്നപക്ഷം അക്കൗണ്ടുകൾ നീക്കംചെയ്യണം, അല്ലെങ്കിൽ ബ്ലോക്ക് ചെയ്യാൻ തയാറാവണം. ഇതുസംബന്ധിച്ച് അമീറിെൻറ ഉത്തരവ് നേടിയെടുക്കുന്നതിനായി സംസാരിക്കുമെന്നും അഹ്മദ് അൽ ഫാദൽ എം.പി പറഞ്ഞു.
ജീവകാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണവും വിനിമയവും സുതാര്യമായിരിക്കണമെന്ന് ചാരിറ്റി സംഘടനകൾക്ക് സാമൂഹിക മന്ത്രാലയം നിർദേശം നൽകി. ഹവാല പണമിടപാടിനെതിരെ പ്രവർത്തിക്കുന്ന രാജ്യാന്തര സാമ്പത്തികസമിതിയുടെ നിർദേശങ്ങൾ പാലിച്ചായിരിക്കണം സംഘടനകളുടെ പ്രവർത്തനമെന്നും നിർദേശമുണ്ട്. രാജ്യത്തിനു പുറത്ത് ഏതെങ്കിലും ഏജൻസിക്കാണ് പണം കൈമാറുന്നതെങ്കിൽ പ്രസ്തുത ഏജൻസിയുടെ പ്രവർത്തനം സംബന്ധിച്ച നിയമപരമായ രേഖകൾ ഹാജരാക്കണം.പ്രാദേശികമായുള്ള പണം കൈമാറ്റത്തിന് പാസ്പോർട്ട്, കസ്റ്റംസ് രേഖകൾ ഉറപ്പുവരുത്തി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂ. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ് പണമിടപാട് എന്ന സംശയമുദിച്ചാൽ ഇടപാട് മരവിപ്പിക്കണം. യു.എൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയവർക്ക് സഹായമെത്തിച്ചാൽ മുഴുവൻ ഫണ്ടും മരവിപ്പിക്കും. അത്തരം സംഘടനകളുടെ ആസ്തി കണ്ടുകെട്ടുന്നതുൾപ്പെടെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.