കുവൈത്ത് സിറ്റി: ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റ് അംഗങ്ങള്‍. ഇസ്രായേലി അധിനിവേശത്തിനെതിരെ തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ പിന്തുണക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങളായ സൗദ് അൽ അസ്ഫൂർ, ഷുഐബ് ഷാബാൻ, ഹമദ് അൽ എൽയാൻ, ജറാഹ് അൽ ഫൗസാൻ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. ഗസ്സയിലേക്ക് മരുന്നും അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി മാനുഷിക ഇടനാഴി തുറക്കണം.
നിരായുധരായ സാധാരണക്കാര്‍ക്കെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കാനും അവരെ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ആഗോള തലത്തില്‍ സമ്മര്‍ദം ശക്തമാക്കി ഫലസ്തീന് ജനതയെ സംരക്ഷിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം കുവൈത്തി പ്രമുഖരുടെ നേതൃത്വത്തില്‍ അൽ ഇറാദ സ്ക്വയറിൽ നടന്ന പ്രതിഷേധത്തിലും നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്തിരുന്നു.
ഇസ്രായേൽ ക്രൂരമായ വ്യോമാക്രമണം നടത്തുമ്പോഴും അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ച് ആശ്ചര്യപ്പെടുന്നതായി പാര്‍ലമെന്റ് അംഗം അബ്ദുല്ല അൽ മുദാഫ് പറഞ്ഞു. ഫലസ്തീൻ പ്രശ്നം തങ്ങളുടെയും പ്രശ്നമാണെന്ന് പഠിപ്പിക്കാനാണ് തന്റെ കുട്ടികളോടൊപ്പം അൽ ഇറാദ സ്ക്വയറിൽ എത്തിയതെന്ന് പാര്‍ലമെന്റ് അംഗം ബദർ നഷ്മി അൽ അൻസി പറഞ്ഞു. ഫലസ്തീന് ജനതക്ക് നീതി കൈവരിക്കാന്‍ കഴിയുന്ന സമഗ്രമായ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ഇസ്രായേലിനെതിരെ പാർലമെന്റ് അംഗങ്ങൾ ഒന്നടങ്കം രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.