കുവൈത്ത് സിറ്റി: മയക്കുമരുന്നിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്.
മയക്കുമരുന്ന് കടത്ത് വിരുദ്ധ ജനറൽ ഡിപ്പാർട്മെന്റ് സന്ദര്‍ശനത്തിനിടെയാണ് മന്ത്രിയുടെ പരാമർശം. സുരക്ഷാ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാനും മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളെ കണ്ടെത്താനും തകർക്കാനുമുള്ള ശ്രമം ഇരട്ടിയാക്കണമെന്നും ശൈഖ് ഫഹദ് ആവശ്യപ്പെട്ടു.
മയക്കുമരുന്നിന്റെ ചതിക്കുഴികളിലേക്ക് നീങ്ങുന്നതിനുള്ള എല്ലാ മാർഗങ്ങളും തടയും. മയക്കുമരുന്ന് വ്യാപാരത്തെ ചെറുക്കുന്നതിൽ സീറോ ടോളറൻസ് നയം പിന്തുടരണമെന്നും മന്ത്രി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. പിടിച്ചെടുത്ത മയക്കുമരുന്ന്, അറസ്റ്റ് എന്നിവയുടെ സ്ഥിതിവിവരക്കണക്കുകൾ ഡിപ്പാർട്മെന്റ് മന്ത്രിയെ അറിയിച്ചു.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിലൂടെ ദേശീയ താൽപര്യങ്ങളും രാജ്യത്തിന്റെ സുരക്ഷയും സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ശൈഖ് ഫഹദിനൊപ്പം വകുപ്പ് ഡയറക്ടർ ജനറൽ മുഹമ്മദ് കബസാർഡും ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.