കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിലുള്ളത് ശക്തമായ ബന്ധമാണെന്നും ഇരു രാജ്യങ്ങളുടെയും നേതൃത്വം ഈ ബഹുമുഖ ബന്ധത്തിന്റെ പ്രാധാന്യത്തെ വളരെയധികം വിലമതിക്കുന്നതായും ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എച്ച്.ഇ. മൻസൂർ അയ്യാദ് അൽ ഒതൈബി മുഖ്യാതിഥിയായിരുന്നു. കിരീടാവകാശിയുടെ ഓഫിസ് അണ്ടർ സെക്രട്ടറി മസിൻ അൽ എസ്സ, നയതന്ത്ര പ്രതിനിധികൾ, എംബസി ഉദ്യോഗസ്ഥർ, പ്രമുഖ കുവൈത്തി വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ ഭരണഘടനയുടെ രൂപവത്കരണ ചരിത്രവും പ്രാധാന്യവും സൂചിപ്പിച്ച അംബാസഡർ ജനാധിപത്യം, ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നിവ ഇന്ത്യൻ സമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്ന് ചൂണ്ടിക്കാട്ടി. സ്വന്തം വിശ്വാസവും മതവും പ്രസംഗിക്കാനും ആചരിക്കാനും ആർക്കും സ്വാതന്ത്ര്യമുള്ള ലോകത്തിലെ എല്ലാ മതങ്ങളുടെയും ആസ്ഥാനമാണ് ഇന്ത്യ. ഇവയെല്ലാം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ വളർച്ചാഘട്ടങ്ങളും മുന്നേറ്റവും സൂചിപ്പിച്ച അംബാസഡർ കോവിഡ് കാലത്ത് കുവൈത്തും ഇന്ത്യയും നടത്തിയ ആരോഗ്യ, മെഡിക്കൽ സേവനങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു. ഇന്ത്യ കുവൈത്തിന്റെ നാലാമത്തെ വലിയ കയറ്റുമതി കേന്ദ്രവും ഇറക്കുമതിയുടെ കാര്യത്തിൽ ആറാമത്തെ വലിയ രാജ്യവുമാണ്. ഊർജ മേഖലയിലെ സഹകരണം സാമ്പത്തിക സഹകരണത്തിന്റെ അടിസ്ഥാനമായി തുടരുന്നു. 50,000ത്തിലധികം വിദ്യാർഥികളുള്ള കുവൈത്തിൽ പ്രവർത്തിക്കുന്ന 25 ഇന്ത്യൻ സ്‌കൂളുകളിൽ വിദ്യാഭ്യാസ രംഗത്തെ സഹകരണം അറിയപ്പെടുന്നു. കുവൈത്തിലെ ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ജീവനുള്ള പാലമാണെന്നും ഡോ. ആദർശ് സ്വൈക ഉണർത്തി.
കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിലുള്ള ശക്തവും ആഴത്തിൽ വേരൂന്നിയതുമായ ബന്ധത്തെ കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അൽ ഒതൈബി അഭിനന്ദിച്ചു. വിവിധ രംഗങ്ങളിൽ ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന മുൻനിര രാജ്യങ്ങളിലൊന്നാണ് കുവൈത്തെന്നും ഒതൈബി ചൂണ്ടിക്കാട്ടി.
കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി) ഇന്ത്യയിലെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കുവൈത്തിന്റെ വികസനത്തിനും നവോത്ഥാനത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന ഒരു ദശലക്ഷത്തിലധികം ഇന്ത്യൻ തൊഴിലാളികൾക്ക് കുവൈത്ത് ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി വിദേശമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.