കുവൈത്ത് സിറ്റി: കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ മേഖലയിൽ സമാധാനമുണ്ടാകില്ലെന്ന് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്. യു.എൻ ജനറൽ അസംബ്ലിയുടെ 79ാമത് സെഷനിൽ നടത്തിയ പ്രഭാഷണത്തിലാണ് കിരീടാവകാശി കുവൈത്ത് നിലപാട് വ്യക്തമാക്കിയത്.
ലബനനിലെ ഇസ്രായേൽ ആക്രമണങ്ങളെയും പ്രദേശത്തെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള നീക്കത്തെയും ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള ഫലസ്തീൻ സിവിലിയന്മാർക്കെതിരായ തുടർച്ചയായ ആക്രമണത്തെയും കിരീടാവകാശി അപലപിച്ചു. യു.എൻ തത്ത്വങ്ങളും അന്താരാഷ്ട്ര മാനുഷികനിയമങ്ങളും ലംഘിക്കുന്നവരെ ഉത്തരവാദികളാക്കാതെ നമുക്ക് വസ്തുനിഷ്ഠമായി ശോഭനമായ ഭാവി തേടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിൽ 41,000-ലധികം ആളുകളുടെ ജീവൻ അപഹരിച്ചു. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഇസ്രായേൽ ലക്ഷ്യമിട്ടതായി കിരീടാവകാശി ചൂണ്ടിക്കാട്ടി.
അടുത്തിടെ പല രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയതിനെ കുവൈത്ത് സ്വാഗതം ചെയ്യുന്നു. മറ്റ് രാജ്യങ്ങളും സമാന നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിച്ചു. ഫലസ്തീനികളുടെ അവകാശങ്ങളെ കുവൈത്ത് പിന്തുണച്ചുകൊണ്ടേയിരിക്കും. അന്താരാഷ്ട്ര നീതിന്യായ കോടതിയിലും യു.എൻ.ആർ.ഡബ്ല്യു.എയിലും ഫലസ്തീനുള്ള കുവൈത്തിന്റെ പിന്തുണ നടപടികളെ പരാമർശിച്ച് കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.