കുവൈത്ത് സിറ്റി: പണമിടപാടുകൾ നിരീക്ഷിക്കാനും സംശയം തോന്നുന്നവ റിപ്പോര്‍ട്ട് ചെയ്യാനും പണമിടപാട് സ്ഥാപനങ്ങള്‍ക്ക് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിർദേശം. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നിവക്കെതിരായ നടപടിയുടെ ഭാഗമായാണിത്. രാജ്യത്തെ പണമിടപാട് സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തണമെന്നും സംശയാസ്പദമായ ഇടപാടുകളുടെ വിവരങ്ങള്‍ പങ്കുവെക്കണമെന്നും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.
റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് ഇടപാട് നടത്തിയവരുടെ വിവരം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിങ്ങനെ സംശയിക്കുന്ന ഇടപാടുകൾ, കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംശയിക്കുന്ന കേസുകളുടെ എണ്ണം എന്നിവ റിപ്പോർട്ട് ചെയ്യണം.
അടുത്ത 10 പ്രവൃത്തിദിവസത്തിനുള്ളില്‍ പണമിടപാട് സ്ഥാപനങ്ങൾ വിവരങ്ങള്‍ കൈമാറണം. ഉപഭോക്താക്കളുടെ വിവരങ്ങളില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനെ വിവരമറിയിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. നേരത്തേ ഉപഭോക്താക്കളുമായി ഒരു ബന്ധവുമില്ലാത്തവരുടെ പേരിലോ കുവൈത്തിനു പുറത്തുള്ള സ്ഥാപനങ്ങളുടെ പേരിലോ പണം അയക്കുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത്തരം പണമിടപാടുകളുടെ നിയമപരമായ ബാധ്യത ആ വ്യക്തിയില്‍ വന്നുചേരുമെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും അധികൃതര്‍ ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.