കുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ കെടുതികൾ അനുഭവിക്കുന്ന സിറിയ, തുർക്കിയ എന്നിവിടങ്ങളിലേക്ക് സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) പുതിയ വിമാനം പുറപ്പെട്ടു. ദുരിതാശ്വാസ സഹായവുമായി പുറപ്പെടുന്ന കുവൈത്ത് എയർഫോഴ്സ് എയർ ബ്രിഡ്ജിന്റെ 13ാം വിമാനമാണിത്.
ടെന്റുകൾ, പുതപ്പ്, മെഡിക്കൽ വസ്തുക്കൾ എന്നിവ അടങ്ങുന്ന 40 ടൺ വസ്തുക്കൾ വിമാനത്തിലുണ്ട്. ടർക്കിഷ്, സിറിയൻ ജനതക്ക് സർക്കാറിന്റെയും കുവൈത്തിലെ ജനങ്ങളുടെയും സഹായത്തിന്റെ ഭാഗമാണ് ഇതെന്ന് കെ.ആർ.സി.എസ് ജനറൽ ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ ഔൻ പറഞ്ഞു.
തുർക്കിയ റെഡ് ക്രസന്റ് സൊസൈറ്റി, വളന്റിയർ ഗ്രൂപ്പുകൾ എന്നിവയുമായി സഹകരിച്ച് ഭൂകമ്പബാധിത പ്രദേശങ്ങളിലെ ആവശ്യങ്ങൾ വിലയിരുത്തുന്നതായും അൽ ഔൻ കൂട്ടിച്ചേർത്തു. ലോകമെമ്പാടും സംഘർഷങ്ങളും ദുരന്തങ്ങളും മൂലം പ്രയാസപ്പെടുന്നവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി കുവൈത്ത് മുൻപന്തിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.