കുവൈത്ത് സിറ്റി: കുവൈത്തിൽ നാലുമാസത്തിന് ശേഷം ടാക്സി സർവിസുകൾ ചൊവ്വാഴ്ച പുനരാരംഭിക്കുന്നു. കോവിഡ് പ്രതിരോധത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാം ഘട്ടം ആരംഭിക്കുന്നതിനൊപ്പമാണ് ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങളോടെ ടാക്സി ഒാട്ടത്തിന് അനുമതി ലഭിക്കുന്നത്. ഒരു യാത്രക്കാരനെ മാത്രമേ കയറ്റാവൂ എന്ന നിബന്ധനയോടെയാണ് അനുമതി. അതേസമയം, ‘ഒരു യാത്രക്കാരൻ’ നിബന്ധന ഒഴിവാക്കണമെന്ന് ഡ്രൈവർമാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. തൊഴിൽ പുനരാരംഭിച്ചാലും യാത്രക്കാരെ ലഭിക്കുമോ എന്നതാണ് മറ്റൊരു ആശങ്ക. ഈ മേഖല സജീവമാകാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണമെന്നാണ് ജീവനക്കാർ കണക്കുകൂട്ടുന്നത്.
ഇപ്പോൾ നിർത്തിവെച്ച ദിവസവാടക കൂടി തവണകളായി നൽകാൻ കമ്പനി ഉടമകൾ ആവശ്യപ്പെടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. കുവൈത്തിലെ 18000ത്തോളം ടാക്സി തൊഴിലാളികളാണുള്ളത്. തൊഴിൽ പൂർണമായും നിലച്ചതോടെ ഈ മേഖലയിലെ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലായിരുന്നു. മാർച്ച് 27 മുതലാണ് കുവൈത്തിൽ ടാക്സി സർവിസ് നിർത്തലാക്കിയത്. കൃത്യം നാലുമാസം പിന്നിടുന്നതിെൻറ പിറ്റേന്നാണ് ഇവർക്ക് മുന്നിൽ വരുമാന വാതിൽ തുറക്കാൻ പോവുന്നത്. ടാക്സി ഡ്രൈവർമാരിൽ 95 ശതമാനവും കമ്പനികളുടെ ടാക്സി കാർ നാല് മുതൽ അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടുനൽകി ദിവസം ഏഴുമുതൽ എട്ട് ദീനാർ വരെ വരുന്ന വാടക കമ്പനിക്ക് നൽകി കാർ അറ്റകുറ്റപ്പണി സ്വന്തമായി ചെയ്യണമെന്ന വ്യവസ്ഥയിൽ തൊഴിലെടുക്കുന്നവരാണ്.
ഒാട്ടം നിലച്ച സമയത്ത് കമ്പനികൾക്ക് വാടക നൽകിയിരുന്നില്ല. ഒാട്ടം പുനരാരംഭിച്ചത് മുതൽ കമ്പനിക്ക് വാടക നൽകേണ്ടിവരുകയും എന്നാൽ, അതനുസരിച്ചുള്ള വരുമാനം ലഭിക്കാതെ വരുകയും ചെയ്യുമോയെന്ന ആശങ്കയാണ് ഡ്രൈവർമാർ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.