കുവൈത്ത് സിറ്റി: കുവൈത്തിൽ അധ്യാപകരുടെയും മറ്റു സ്കൂൾ ജീവനക്കാരുടെയും കോവിഡ് വാക്സിനേഷൻ ദൗത്യം മാർച്ച് അവസാനം മുതൽ ആരംഭിക്കും. സെപ്റ്റംബറോടെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാർക്ക് പെെട്ടന്ന് വാക്സിനേഷൻ പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. ആസ്ട്രസെനക വാക്സിെൻറ അടുത്ത ബാച്ച് ഇൗ മാസം തന്നെ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ വാക്സിൻ ലഭ്യതയുടെ പ്രശ്നമുണ്ടാകില്ല.
ഏപ്രിലിൽ കുവൈത്തിലെ എല്ലാ സ്കൂളുകളിലേയും അധ്യാപക, ഇതര ജീവനക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഘട്ടം ഘട്ടമായാണ് വിദ്യാർഥിളെ സ്കൂളുകളിലേക്ക് മടക്കിക്കൊണ്ടുവരുക. കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയാണ് സ്കൂളുകൾ പ്രവർത്തിച്ചുതുടങ്ങുക.
നേരത്തേ ക്രമേണ സാധാരണ അധ്യയനത്തിലേക്ക് കൊണ്ടുവരാൻ മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചത്. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാണ് ഓൺലൈൻ ക്ലാസുകൾ കുറേകൂടി തുടരാൻ തീരുമാനിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് മുതൽ കുവൈത്തിൽ സ്കൂളുകൾക്ക് അവധിയാണ്.
ഓൺലൈനായാണ് സർക്കാർ വിദ്യാലയങ്ങളും ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നത്. നേരിട്ടുള്ള അധ്യയനത്തിന് ഒാൺലൈൻ ക്ലാസുകൾ പകരമാകില്ലെന്ന് അധികൃതർക്ക് ബോധ്യമുണ്ട്.
അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. എന്നാൽ, അതിനെല്ലാം ഉപരിയായി കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ പ്രധാനമായി കണ്ടാണ് ഒാൺലൈൻ അധ്യയനം തുടരാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.