കുവൈത്ത് സിറ്റി: കോവിഡ് കാലം പ്രതിസന്ധികളുടേത് മാത്രമായിരുന്നില്ല, കലവറയില്ലാതെ ചൊരിഞ്ഞ നന്മകളുടേതുകൂടിയായിരുന്നു. കുവൈത്തിൽ ഈ നന്മകൾ കുറച്ചധികവുമായിരുന്നു. ഉള്ളം കുളിർക്കുന്ന ഒരുമയും പരസ്പര സ്നേഹവും കരുതലുമായിരുന്നു കുവൈത്ത് ഭരണകൂടവും ഇന്ത്യൻ എംബസിയും പ്രവാസി സംഘടനകളും ചെറുകൂട്ടായ്മകളും വ്യക്തികളും സ്ഥാപനങ്ങളും കാഴ്ചവെച്ചത്.
ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഈ നന്മകളെ അർഹിക്കുന്ന പൊലിമയോടെയാണ് 'ഗൾഫ് മാധ്യമം' സിംഫണി ഓഫ് കുവൈത്ത് ആദരിച്ചതും ആഘോഷിച്ചതും. 'മാലാഖയെ പോലെ പറന്നെത്തിയവർ' എന്ന കോളത്തിൽ വായനക്കാർക്ക് അനുഭവങ്ങൾ പങ്കുവെക്കാൻ അവസരം നൽകി.
ഹൃദ്യമായ കുറിപ്പുകളാണ് വായനക്കാരിൽനിന്ന് ലഭിച്ചത്. അതിനുമപ്പുറമുള്ള സഹാനുഭൂതിയാണ് സമൂഹം കാഴ്ചവെച്ചതെന്ന് നമുക്കറിയാം. സഹായങ്ങളുടെ വ്യാപ്തിയും കണക്കും വാർത്തകളിലൂടെയും മറ്റും നാം കണ്ടതാണ്. ആ സന്ദർഭത്തിെൻറ തീവ്രതയും നന്മയുടെ നൈർമല്യവും അനുഭവസ്ഥരിലൂടെ അറിയാനാണ് 'മാലാഖയെ പോലെ പറന്നെത്തിയവർ' കോളത്തിലൂടെ ശ്രമിച്ചത്. ഇതിനു പുറമെ പ്രത്യേകമായി എടുത്തുപറയേണ്ട കോവിഡ് കാല നന്മകളെ 'ഗൾഫ് മാധ്യമം' ഫീച്ചറുകളായും നൽകി.
ഇനിയും നാം കോവിഡ് പ്രതിസന്ധിയെ പൂർണമായി അതിജയിച്ചിട്ടില്ല. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം റെക്കോഡ് നിലയിൽതന്നെയാണുള്ളത്. അതേസമയം, പ്രതിരോധ കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി നേടാനായതും മരണനിരക്കും ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണവും തുലോം കുറവായതും ആശ്വാസമാണ്. ഇനിയുമേത് വെല്ലുവിളിയെയും നാം ഒരുമിച്ചുനിന്ന് നേരിടുമെന്ന ആത്മവിശ്വാസം ഇന്നു നമുക്കുണ്ട്. അതു സമ്മാനിച്ചത് കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവങ്ങളാണ്. അതുകൊണ്ട് പറയാം 'നന്മയോർമകളേ നന്ദി...'
സൗഹൃദത്തിെൻറ സംഗീതത്തിന് എന്തു മധുരം...
കുവൈത്ത് സിറ്റി: കോവിഡ് പൂർണമായും മാറിയില്ലാത്ത ഘട്ടത്തിൽ എന്തിന് ആഘോഷം എന്ന സംശയം 'ഗൾഫ് മാധ്യമം സിംഫണി ഓഫ് കുവൈത്ത്' പരിപാടി കണ്ടവർക്ക് ഉണ്ടാകില്ല. ഇത് സ്നേഹത്തിെൻറ ആഘോഷമായിരുന്നു, സൗഹൃദത്തിെൻറ ആഘോഷമായിരുന്നു, നന്മയുടെ ആഘോഷമായിരുന്നു. ഇനി വരാനിരിക്കുന്ന ഏതു വെല്ലുവിളികളെയും നേരിടാൻ നമുക്ക് കരുത്തും ആത്മവിശ്വാസവും നൽകുന്ന ഐക്യത്തിെൻറയും കരുതലിെൻറയും ആഘോഷം.
കോവിഡ് കാലത്തിെൻറ വലിയ തിരിച്ചടികളിലൊന്ന് നിരവധി ആളുകളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതാണ്. അതിനെ തിരിച്ചുപിടിക്കുക എന്നത് പ്രധാനമാണ്. നാം ഒരുമിച്ചുണ്ട് എന്ന ബോധ്യം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രവാസലോകത്തെ പിരിമുറുക്കങ്ങളിൽനിന്ന് ആശ്വാസം കണ്ടെത്തിയിരുന്നത് നാട്ടുകൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഒത്തുകൂടലുകളിലൂടെയും ആഘോഷങ്ങളിലൂടെയുമായിരുന്നു.
ഒത്തുകൂടലുകൾക്ക് നിലനിൽക്കുന്ന വിലക്ക് ആ സാധ്യതയെ അടച്ചുകളഞ്ഞു. വലിയ മാനസിക പിരിമുറുക്കത്തിലൂടെയാണ് കോവിഡ് കാലത്ത് ജനങ്ങൾ കടന്നുപോയത്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ ഇവന്‍റുകൾ നൽകിയ ആശ്വാസം ചെറുതല്ല. അവയുടെ കൂട്ടത്തിൽ ആദ്യമോർക്കുന്ന ഒന്നായി ഗൾഫ് മാധ്യമം മെട്രോ മെഡിക്കൽ ഗ്രൂപ് സിംഫണി ഓഫ് കുവൈത്ത് മാറിക്കഴിഞ്ഞു.
ദുരിതകാലത്ത് കൂടെ നിന്നവർക്ക്, മാനവികതയുടെ മഹാഗാഥകൾ തീർത്തവർക്ക്, ഭരണകൂടത്തിന്, സംഘടനകൾക്ക്, സന്നദ്ധ പ്രവർത്തകർക്ക് നന്ദി അർപ്പിച്ചുകൊണ്ടാണ് സിംഫണി ഓഫ് കുവൈത്ത് ആഘോഷം സംഘടിപ്പിച്ചത്. ഭക്ഷണ കിറ്റുമായി വന്ന മനുഷ്യ മാലാഖമാരെ, മരണഭയമില്ലാതെ രോഗികളെയും കൊണ്ട് ആശുപത്രികളിലേക്ക് ഓടിയവരെ, മരിച്ചവരുടെ സംസ്കരണത്തിന് മുന്നിൽനിന്നവരെ നാം അനുസ്മരിച്ചു.
ചരിത്രമായി സിംഫണി ഓഫ് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് കാല നന്മകളെ കോർത്തിണക്കി സിംഫണി ഓഫ് കുവൈത്ത് അണിയിച്ചൊരുക്കിയ ഡയറക്ടർ എൻ.വി. അജിത്കുമാർ അഭിനന്ദനം അർഹിക്കുന്നു. കേവലമായൊരു സംഗീതനിശയിൽനിന്ന് എത്രയോ ഉയരത്തിൽ ഈ പരിപാടിയെ പ്രതിഷ്ഠിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കഴിവുള്ള കലാകാരന്മാരും കൂട്ടുചേർന്നപ്പോൾ സിംഫണി ഓഫ് കുവൈത്ത് ചരിത്രവിജയമായി. സ്നേഹത്തിെൻറ, സൗഹൃദത്തിെൻറ, കരുതലിെൻറ, ഐക്യപ്പെടലിെൻറ, ഐക്യദാർഢ്യത്തിെൻറ ആഘോഷത്തിന് മിഴിവേകാൻ പ്രതിഭാധനരും പ്രശസ്തരുമായ കലാകാരന്മാരാണ് ഒത്തുചേർന്നത്.
സുഖമുള്ള നിലാവ് പോലെ സുന്ദരഗാനങ്ങളുമായി വിധു പ്രതാപും ജ്യോത്സ്നയും, മാപ്പിളപ്പാട്ടിെൻറ രാജകുമാരൻ കണ്ണൂർ ശരീഫ്, ഹൃദയം തൊടുന്ന സ്വരമാധുരിയുമായി അക്ബർ ഖാൻ, പ്രതിഭാ ധാരാളിത്തമുള്ള യുവഗായിക ചിത്ര അരുൺ, വയലിനിൽ വിസ്മയം തീർത്ത് വേദമിത്ര എന്നിവർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ഹൃദയം കീഴടക്കിയായിരുന്നു ഷഹബാസ് അമെൻറ മടക്കം. മിതത്വമുള്ള അവതരണത്തിലൂടെ സ്റ്റെഫി ലിയോണും അഭിനന്ദനമേറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.