കുവൈത്ത് സിറ്റി: മന്ത്രിസഭയുടെ പ്രതിവാര യോഗം പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്നു.
സൗദി അറേബ്യയിലെ റിയാദിൽ സമാപിച്ച അസാധാരണമായ അറബ്-ഇസ്ലാമിക് ഉച്ചകോടി മന്ത്രിസഭ അവലോകനം ചെയ്തു. ഉച്ചകോടിയിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നടത്തിയ പ്രസംഗവും മന്ത്രിസഭ ചർച്ചചെയ്തു.
ഗസ്സയിലെ രക്തച്ചൊരിച്ചിൽ ഉടനടി അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് യു.എൻ സുരക്ഷാ കൗൺസിലിനോട് പ്രസംഗത്തിൽ കിരീടാവകാശി ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഉച്ചകോടിയുടെ അന്തിമ നിലപാടുകൾ മന്ത്രിസഭയിൽ വിശദീകരിച്ചു.
ഫലസ്തീനികളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഒ.ഐ.സിയും അറബ് ലീഗും പുറപ്പെടുവിച്ച പ്രമേയങ്ങൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഉച്ചകോടിയിൽ ഊന്നിപ്പറഞ്ഞതായും വ്യക്തമാക്കി.
ദേശീയ അസംബ്ലിയുമായി സഹകരിച്ച് മുന്നോട്ടുപോകാനുള്ള താൽപര്യം മന്ത്രിസഭ വ്യക്തമാക്കി. ദേശീയ അസംബ്ലിയുടെ വരാനിരിക്കുന്ന സെഷനുകളും സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ 2022-2023 റിപ്പോർട്ടും പ്രതിവാര യോഗത്തിൽ ചർച്ച ചെയ്ത പ്രധാന വിഷയങ്ങളാണെന്ന് കാബിനറ്റ്, നാഷനൽ അസംബ്ലി കാര്യ മന്ത്രി എസ്സ അൽ കന്ദരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.