മാർച്ച് പകുതിവരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മന്ത്രിസഭ രൂപവത്കരണം ഫെബ്രുവരിയിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. മാർച്ച് പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ സൂചനകൾ. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ദേശീയ ദിനാഘോഷം കഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരും. ഡിസംബർ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റത്. ഒരുമാസം തികയുന്നതിനു മുമ്പ് ജനുവരി 12ന് രാജിവെച്ചു. പാർലമെൻറ് അംഗങ്ങളുടെ സമ്മർദമാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എം.പിമാർ ഉറച്ചുനിൽക്കുന്നു.
ഉപപ്രധാനമന്ത്രിയും മന്ത്രിസഭകാര്യ മന്ത്രിയുമായ അനസ് അൽ സാലിഹിനെയാണ് എം.പിമാർ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. 50 അംഗ പാർലമെൻറിൽ 38 പേരുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷത്തിെൻറ അവകാശവാദം. രാജ്യം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ പ്രഗല്ഭരായ മന്ത്രിമാർ നയിക്കണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. അനസ് അൽ സാലിഹിനെ ഉൾപ്പെടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിലും എം.പിമാരുടെ സമ്മർദം ഒരുവശത്തുണ്ട്.
പാർലമെൻറുമായി സഹകരണം സാധ്യമാകാതെ സ്ഥിരതയുള്ള സർക്കാർ സാധ്യമാകില്ല. ഭരണഘടന പ്രകാരം പാർലമെൻറിന് അവിശ്വാസ പ്രമേയത്തിലൂടെ മന്ത്രിമാരെ പുറത്താക്കാൻ അവകാശമുണ്ട്. പ്രതിപക്ഷത്തിന് ശക്തിയുള്ള പാർലമെൻറിൽ അവിശ്വാസ പ്രമേയം വോട്ടിനിട്ടാൽ വിജയിക്കുമെന്ന സ്ഥിതിയുണ്ട്.
കോവിഡ് പ്രതിരോധ നടപടികൾ ഉൾപ്പെടെ നിർണായക വിഷയങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് കാവൽ മന്ത്രിസഭയാണ്. പുനഃസംഘടനയിൽ നിലവിലെ മന്ത്രിസഭയിലെ ആരൊക്കെ ഇടംപിടിക്കുമെന്നാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ എം.പിമാർക്ക് ശക്തിയുള്ള നിലവിലെ പാർലമെൻറും സർക്കാറും തമ്മിൽ ഏറെക്കാലം സഹകരിച്ച് മുന്നോട്ടുപോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മന്ത്രിസഭ രൂപവത്കരണം വൈകുന്ന പശ്ചാത്തലത്തിൽ കുവൈത്ത് പാർലമെൻറ് ഒരുമാസത്തേക്ക് അമീറിെൻറ പ്രത്യേകാധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 18 മുതലാണ് മരവിപ്പിച്ചത്. ഇൗ കാലയളവിനുള്ളിൽ പുതിയ മന്ത്രിസഭ രൂപവത്കരണം നടക്കേണ്ടതുണ്ട്. ഒരു ടേമിൽ ഒരു തവണ മാത്രമാണ് ഇത്തരത്തിൽ പാർലമെൻറ് മരവിപ്പിക്കാൻ ഭരണഘടന അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.