ബിലാൽ ബിൻ റബാഹ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരം
കുവൈത്ത് സിറ്റി: രാജ്യനായകന്റെ വിയോഗത്തിൽ ദുഃഖഭാരത്തിലായിരുന്നു ഞായറാഴ്ച രാജ്യം. കുവൈത്തിലെ ദുഃഖിതരായ ജനങ്ങൾ പ്രാർഥനകളിലൂടെ മുൻ അമീറിന് ആദരാഞ്ജലികൾ അർപ്പിച്ചു. ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിന് സ്വദേശികളും പ്രവാസികളും അടക്കം ആയിരങ്ങളാണ് അണി ചേർന്നത്.
സംസ്കാരചടങ്ങിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
രാജ്യത്തെ മറ്റു പള്ളികളിലും മയ്യിത്ത് നമസ്കാരം നടന്നു. കുവൈത്ത് ദേശീയ പതാകയിൽ പൊതിഞ്ഞ പെട്ടിയിൽ മൃതദേഹവുമായി ഉന്നത ഉദ്യോഗസ്ഥർ പള്ളിയിൽനിന്ന് പുറപ്പെടുമ്പോൾ, പുതിയ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വാഹനത്തിൽ സങ്കടത്തോടെ കാണപ്പെട്ടു. വാഹനത്തിലിരുന്ന് അദ്ദേഹം പലതവണ കണ്ണുതുടച്ചു. ദേശീയ പതാക അണിഞ്ഞ വാഹനത്തിലാണ് മൃതദേഹം സുലൈബിക്കാത്തിലേക്ക് കൊണ്ടുപോയത്. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, അസ്സബാഹ് കുടുംബാംഗങ്ങൾ, മുതിർന്ന പദവി വഹിക്കുന്നവർ എന്നിവർ ഖബറടക്കത്തിലും പ്രാർഥനയിലും പങ്കെടുത്തു.
മൃതദേഹം ഖബറടക്കുന്നതിനായി എത്തിക്കുന്നു
രാജ്യത്തിനകത്തും പുറത്തുമുള്ള വലിയൊരു വിഭാഗം ടെലിവിഷനിൽ തത്സമയം വീക്ഷിച്ചു. വ്യാപാരസ്ഥാപനങ്ങളും സ്കൂളുകളും സർക്കാർ സംവിധാനങ്ങളും അടച്ചുപൂട്ടി ദുഃഖത്തിൽ പങ്കാളികളായി. രാജ്യത്ത് ഞായറാഴ്ച മുതൽ മൂന്നുദിവസം അവധിയാണ്. 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
സുലൈബിക്കാത്ത് ഖബറിസ്ഥാനിൽ ഖബറടക്കുന്നു
മക്കയിലും മദീനയിലും മയ്യിത്ത് നമസ്കാരം
കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബാഹിന് വേണ്ടി വിശുദ്ധ ഗേഹങ്ങളിലും മയ്യിത്ത് നമസ്കാരം നടന്നു. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലുമാണ് അമീറിന് വേണ്ടി ളുഹര്‍ നമസ്കാരാനന്തരം മയ്യിത്ത് നമസ്കാരം നിർവഹിച്ചത്. സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നമസ്കാരം നടത്തിയത്. ബഹ്റൈനിലെ പള്ളികളിലും മയ്യിത്ത് നമസ്കാരവും പ്രാർഥനനകളും നടന്നു. രാജ്യത്തെ എല്ലാ പള്ളികളിലും പ്രാർഥനകൾ നടത്താൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ നിർദേശം നൽകിയിരുന്നു. കുവൈത്തിലെ മുഴുവന്‍ പള്ളികളിലും അമീറിന് വേണ്ടി മയ്യിത്ത് നമസ്കാരം നടന്നു. ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം ളുഹര്‍ നമസ്കാരത്തിനുശേഷം മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ ഇമാമുമാർക്ക് പ്രത്യേകം നിർദേശം നൽകിയിരുന്നു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനൊപ്പം മന്ത്രി ഹർദീപ് സിങ് പുരി
ഇന്ത്യൻ മന്ത്രി ഹർദീപ് സിങ് പുരി കുവൈത്തിലെത്തി
കുവൈത്ത് സിറ്റി: ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് പെട്രോളിയം പ്രകൃതി വാതക, ഭവന, നഗര വികസന മന്ത്രി ഹർദീപ് സിങ് പുരി കുവൈത്തിലെത്തി. കുവൈത്ത് നേതൃത്വത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു. അമീറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അനുശോചിച്ചിരുന്നു. അമീറിനോടുള്ള ആദരസൂചകമായി ഞായറാഴ്ച ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം ആചരിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഔദ്യോഗിക വിനോദപരിപാടികളും ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.