കുവൈത്ത് സിറ്റി: കുവൈത്തില്‍ വാണിജ്യ സന്ദർശന വിസയിൽ എത്തിയവർക്ക് തൊഴിൽ വിസയിലേക്ക് മാറുന്നതിനുള്ള സമയ പരിധി നീട്ടി. നവംബർ 24ന് മുമ്പ് ഇഷ്യൂ ചെയ്ത വാണിജ്യ സന്ദർശക വിസകൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമാവുക. ഇതുസംബന്ധിച്ച അഡ്മിനിസ്ട്രേറ്റിവ് സർക്കുലർ പുറത്തിറക്കിയതായി മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ അറിയിച്ചു.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് സമയപരിധി നീട്ടിയതെന്ന് മാൻപവർ അതോറിറ്റി ഡയറക്ടർ പറഞ്ഞു. പുതിയ സർക്കുലർ അനുസരിച്ച് വാണിജ്യ സന്ദർശകർക്ക് വർക്ക് പെർമിറ്റ് ഇടപാടുകള്‍ പൂർത്തിയാക്കാനുള്ള സമയപരിധി മാർച്ച് 31 വരെയാണ് നീട്ടുന്നത്. പുതിയ വിജ്ഞാപനത്തിന് അനുസൃതമായ മാറ്റങ്ങൾ അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സംവിധാനത്തിൽ വരുത്തിയിട്ടുണ്ട്.
തൊഴിൽകാര്യ വകുപ്പ്, അനുബന്ധ വകുപ്പുകൾ, ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെന്റര്‍ എന്നിവയ്ക്കും നിര്‍ദേശങ്ങള്‍ നല്‍കിയതായി മാൻപവർ അതോറിറ്റി ഡയറക്ടർ കൂട്ടിച്ചേർത്തു. നവംബർ 24നാണ് വാണിജ്യ സന്ദർശക വിസ തൊഴിൽ വിസയിലേക്ക് മാറ്റാനുള്ള സൗകര്യം മാൻപവർ അതോറിറ്റി നിർത്തിവെച്ചത്.
ഒക്ടോബറിലാണ് എല്ലാ തരത്തിലുമുള്ള വിസകളും അനുവദിക്കാൻ കുവൈത്ത് മന്ത്രിസഭ അനുമതി നൽകിയത്. കമേഴ്സ്യൽ വിസിറ്റ് വിസ കമ്പനി വിസയിലേക്ക് മാറ്റാനും ഇതോടൊപ്പം അനുവദിച്ചു. തൊഴിൽ വിപണിയിലെ ആൾക്ഷാമം പരിഹരിക്കാനായിരുന്നു ഇത്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നവംബർ 24ന് ഇൗ സൗകര്യം നിർത്തിവെക്കുകയും ചെയ്തു.
നേരത്തേ കമേഴ്സ്യൽ സന്ദർശക വിസ അനുവദിച്ചവർക്ക് തൊഴിൽ വിസയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് മാർച്ച് 31 വരെ സാവകാശം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.