കുവൈത്ത് സിറ്റി: ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ അഞ്ചാം ബാച്ച് അടുത്തയാഴ്ച കുവൈത്തിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ലക്ഷം ഡോസ് കൂടിയാണ് എത്തിക്കുക. ആറാമത് ബാച്ച് ആഗസ്റ്റ് തുടക്കത്തിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
ഇതോടെ കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാൻ കഴിയും. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകളാണ് രാജ്യത്ത് ഇപ്പോൾ വിതരണം നടത്തി വരുന്നത്.
മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളുടെ ഇറക്കുമതിക്ക് ധാരണയായിട്ടുണ്ടെങ്കിലും ആദ്യ ബാച്ച് എത്താൻ ഡിസംബർ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് 36 കേന്ദ്രങ്ങളിൽ കുത്തിവെപ്പ് നൽകിവരുന്നു. 31 എണ്ണം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ്. 15 കേന്ദ്രങ്ങളിൽ ഫൈസർ വാക്സിനും 16 എണ്ണത്തിൽ ഒാക്സ്ഫഡ് ആസ്ട്രസെനകയുമാണ് നൽകുന്നത്.
ഇത് കൂടാതെ മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻറർ, ശൈഖ് ജാബിർ പാലത്തോടനുബന്ധിച്ച ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം, സൈനിക ആശുപത്രി, അഹ്മദി ആശുപത്രി, നാഷനൽ ഗാർഡ് സെൻറർ എന്നിവിടങ്ങളിൽ കൂടിയാണ് വാക്സിനേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കുത്തിവെപ്പ് പ്രക്രിയ സുഗമമായി പുരോഗമിക്കുന്നു. അധികം കാത്തിരിക്കാതെ തന്നെ വാക്സിൻ സ്വീകരിച്ച് മടങ്ങാൻ കഴിയുന്നു.
വലിയ തിരക്ക് ഉണ്ടെങ്കിലും ഒരു മണിക്കൂറിലധികം എടുക്കുന്നില്ല. ഒരു ദിവസം 43,000ത്തോളം പേർക്കാണ് എല്ലായിടത്തും കൂടി കുത്തിവെപ്പ് നൽകുന്നത്. കൂടുതൽ ഡോസ് വാക്സിൻ ലഭ്യമാകുന്ന മുറക്ക് ഇനിയും വിതരണ സംവിധാനം വിപുലീകരിക്കാൻ ആരോഗ്യ മന്ത്രാലയം സന്നദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.