കുവൈത്ത് സിറ്റി: അവധിക്ക് പോയി തിരിച്ചുവരാൻ കഴിയാതിരുന്ന ഗാർഹികത്തൊഴിലാളികളുമായി കുവൈത്തിലേക്ക് ആദ്യ വിമാനം തിങ്കളാഴ്ച എത്തുമെന്ന് കുവൈത്ത് വ്യോമയാന വകുപ്പ് അറിയിച്ചു. ആദ്യ വിമാനം ഇന്ത്യയിൽനിന്നാണ്. ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നാണ് ആദ്യഘട്ടത്തിൽ കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുമതിയുള്ളത്. ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ദൗത്യം വിജയകരമായാൽ മറ്റു തൊഴിലാളികൾക്കും തിരിച്ചെത്താൻ വഴിതെളിയുമെന്ന് വ്യോമയാന വകുപ്പ് സൂചിപ്പിച്ചു. ഡിസംബർ ഏഴുമുതൽ മടങ്ങിവരവ് ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിലെ താമസം കാരണം വൈകിപ്പിക്കുകയായിരുന്നു. വീട്ടുജോലിക്കാർ മൂന്നുതവണ പി.സി.ആർ പരിശോധന നടത്തണം.
ആദ്യത്തേത് സ്വന്തം നാട്ടിലും രണ്ടാമത്തേത് കുവൈത്തിൽ എത്തിയാൽ ഉടനെയും മൂന്നാമത്തേത് ക്വാറൻറീൻ കാലാവധി കഴിഞ്ഞുമാണ്. കോവിഡ് ഇല്ലെങ്കിൽ സ്പോൺസർക്ക് കൂട്ടിക്കൊണ്ടുപോവാം. വൈറസ് ബാധിതരാണെങ്കിൽ ചികിത്സ സൗജന്യമായി നൽകും. കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സുമാണ് വിമാന സർവീസ് നടത്തുന്നത്. മൂന്നുനേരം ഭക്ഷണം ഉൾപ്പെടെ രണ്ടാഴ്ചത്തെ ക്വാറൻറീനും പി.സി.ആർ പരിശോധനക്കും 270 ദീനാർ ആണ് പാക്കേജ് നിശ്ചയിച്ചിരിക്കുന്നത്.
വിമാന ടിക്കറ്റ് നിരക്ക് വിവിധ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ഇന്ത്യയിൽനിന്ന് 110 ദീനാറും ഫിലിപ്പീൻസിൽനിന്ന് 200 ദീനാറും ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 145 ദീനാറുമാണ് ടിക്കറ്റ് നിരക്ക്. ഒരു ദിവസം 600 പേരെ വീതം കൊണ്ടുവരാനാണ് ധാരണയായിട്ടുള്ളത്. കുവൈത്തിൽ ഇഖാമയുള്ള 80,000 ഗാർഹികത്തൊഴിലാളികളാണ് രാജ്യത്തിന് പുറത്തുള്ളത്. ഇവരെ പൂർണമായി എത്തിക്കാൻ നാലുമാസം വേണ്ടിവരും. ജോലിക്കാരെ കൊണ്ടുവരേണ്ട സ്പോൺസർ https://belsalamah.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ടിക്കറ്റ്, ക്വാറൻറീൻ ചെലവും സ്പോൺസർ വഹിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.