കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചുമാസമായി തുടരുന്ന കർഫ്യൂ ശനിയാഴ്ച രാത്രികൂടി മാത്രം. ആഗസ്റ്റ് 30ന് പുലർച്ച മൂന്നോടെ രാജ്യത്ത് നിലനിൽക്കുന്ന ഭാഗിക കർഫ്യൂ പിൻവലിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 22നാണ് കുവൈത്തിൽ ഭാഗികമായി കർഫ്യൂ ആരംഭിച്ചത്. ഇത് പിന്നീട് പൂർണ കർഫ്യൂ ആക്കി മാറ്റി. പിന്നീട് കോവിഡ് വ്യാപന തോത് കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ക്രമേണ നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു.
ഇതിെൻറ ഭാഗമായി കർഫ്യൂ സമയം കുറച്ചുകൊണ്ടുവന്ന് നിലവിൽ രാത്രി ഒമ്പതുമുതൽ പുലർച്ച മൂന്നുവരെയാണ് കർഫ്യൂ. നിരവധി പേരെ കർഫ്യൂ ലംഘനത്തിന് കഴിഞ്ഞമാസങ്ങളിൽ അറസ്റ്റ് ചെയ്തു. കർഫ്യൂ പിൻവലിക്കുന്നുവെങ്കിലും വിവിധ സർക്കാർ ഏജൻസികൾ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കും. ആവശ്യമെങ്കിൽ പിന്നീട് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കർഫ്യൂ ഒഴിവാക്കുന്നുവെങ്കിലും കോവിഡ് പ്രതിരോധ ഭാഗമായുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് പൂർണമായും അവസാനിപ്പിച്ചിട്ടില്ല. കർഫ്യൂ ഒഴിവാകുന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്കും മറ്റു മേഖലകൾക്കും പ്രവർത്തിക്കാൻ അനുമതിയുള്ള സമയം ദീർഘിപ്പിച്ചുനൽകും.
കമേഴ്സ്യൽ കോംപ്ലക്സുകൾ രാത്രി പത്തുവരെയും റസ്റ്റാറൻറുകൾ രാത്രി 11 വരെയും പ്രവർത്തിക്കാൻ അനുവദിച്ചേക്കും. ക്രമേണ സമയം വർധിപ്പിച്ച് 24 മണിക്കൂറിലേക്ക് എത്തിക്കാനാണ് ആലോചന. നിലവിൽ 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാൻ അനുവദിച്ച സ്ഥാപനങ്ങൾ തൽക്കാലം അതേനിലയിൽ പ്രവർത്തിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച് പിന്നീട് മന്ത്രിസഭ തീരുമാനിക്കും. ഇൗ ഘട്ടത്തിൽ മുഴുവൻ ജീവനക്കാർക്കും ഒരുമിച്ച് പ്രവർത്തിക്കാൻ അനുമതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.