കുവൈത്ത് സിറ്റി: വിസ നടപടികളുടെ ഭാഗമായി വിദേശികളുടെ ആരോഗ്യ പരിശോധന നടത്തുന്ന കേന്ദ്രം റമദാനിലെ ശനിയാഴ്ചകളിൽ തുറന്നുപ്രവർത്തിക്കും. 23, 30 തീയതികളിൽ രാവിലെ പത്തുമുതൽ വൈകീട്ട് മൂന്നുവരെയാണ് ശുവൈഖ്, സബ്ഹാൻ, ജഹ്റ, അലി സബാഹ് അൽ സാലിം എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കുക. പെരുന്നാൾ അവധിക്ക് മുമ്പ് പരമാവധി പേരുടെ പരിശോധന പൂർത്തിയാക്കാനാണ് ശനിയാഴ്ചകളിൽ കൂടി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. നേരത്തെ പ്രവൃത്തിദിവസങ്ങളിൽ രണ്ട് ഷിഫ്റ്റായായിരുന്നു കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് അഞ്ച് വരെയുമായിരുന്നു ഷിഫ്റ്റ്. വിദേശ തൊഴിലാളികൾ മെഡിക്കൽ ടെസ്റ്റ് എടുക്കുന്ന കേന്ദ്രങ്ങളിലെ രൂക്ഷമായ തിരക്കും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയും കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു.
ശുവൈഖ് ടെസ്റ്റിങ് സെൻററിൽ ആളുകൾ വെയിലത്ത് ദീർഘനേരം കാത്തുനിൽക്കുന്നത് സംബന്ധിച്ച മാധ്യമവാർത്തകളെ തുടർന്ന് ആരോഗ്യ മന്ത്രി വിഷയത്തിൽ ഇടപെട്ടു. കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചു പോന്നിരുന്ന മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാൾ വിദേശ തൊഴിലാളികളുടെ വൈദ്യ പരിശോധന കേന്ദ്രമാക്കി മാറ്റാൻ മന്ത്രി നിർദേശം നൽകി.
വേനൽകാലം പരിഗണിച്ച് ആവശ്യമായ ശീതീകരണ സംവിധാനങ്ങളോടുകൂടിയ കാത്തിരിപ്പുമുറികൾ സജ്ജീകരിക്കുമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.