കുവൈത്ത് സിറ്റി: ജ്ഞാനപൂർവമായ വാക്കുകളും പ്രവൃത്തികളും കൊണ്ട് വരും തലമുറക്കും രാജ്യത്തിനും നിത്യവെളിച്ചം പകർന്നാണ് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കടന്നുപോയത്. തലമുറകൾ അത് എന്നെന്നും ഓർക്കും.
ദേശീയ ഐക്യദാർഢ്യത്തിന്റെ മഹത്തായ ഒരു പൈതൃകം ശൈഖ് നവാഫ് അവശേഷിപ്പിക്കുന്നു. രാജ്യം, രാജ്യസുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിലും ദേശീയ ഐക്യത്തിന് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കുന്നതിലും കുവൈത്ത് ജനതയുടെ പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. ജ്ഞാനപൂർവകമായ വാക്കുകളും പ്രവൃത്തിയും കല്ലിൽ കൊത്തിവെച്ചതുപോലെ ജനങ്ങളുടെ മനസ്സിൽ പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.
കുവൈത്തിന്റെ വികസനം മന്ദഗതിയിലാക്കാതിരിക്കാനും കൂടുതൽ പുരോഗതിയിലേക്കും നേട്ടങ്ങളിലേക്കും എത്തിച്ചേരാനും അധികാരികൾ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത ഓർമിപ്പിക്കാൻ ശൈഖ് നവാഫ് എപ്പോഴും താൽപര്യപ്പെട്ടു.
വിജയകരമായ ദേശീയ പ്രവർത്തനത്തിന്റെ അടിത്തറയായി അദ്ദേഹം ഇതിനെ കണക്കാക്കി. ആക്ഷേപങ്ങളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെ ശാന്തവും ലക്ഷ്യബോധമുള്ളതുമായ സംഭാഷണം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും സത്യം കണ്ടെത്തുന്നതിന് കൃത്യത തേടേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
ശൈഖ് നവാഫ് എല്ലായ്പോഴും യുവാക്കൾക്ക് മുൻഗണന നൽകി. രാജ്യ വികസനത്തിന്റെ പ്രധാനഭാഗമായി ഇവരെ കണക്കാക്കി. മികച്ചതും ആധുനികവും ശാസ്ത്രീയവും അക്കാദമികവുമായ മാർഗങ്ങളിലൂടെ യുവാക്കളെ യോഗ്യരാക്കുന്നതിനും സാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും ആഹ്വാനം ചെയ്തു.
കുവൈത്തിന്റെ ഭരണഘടനയിലും അതിന്റെ ജനാധിപത്യ സമീപനത്തിലും അമീർ ശൈഖ് നവാഫ് അഭിമാനം കൊണ്ടു. രാജ്യത്തിന്റെ സ്ഥിരതയും പൗരന്മാരുടെ സുരക്ഷയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതിന്റെ അനിവാര്യതയും ഊന്നിപ്പറഞ്ഞു.
പ്രവാസികളെയും ലോകത്തു ദുരിതം അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ച ഭരണകർത്താവുകൂടിയായിരുന്നു ശൈഖ് നവാഫ്. അഭയവും അന്നവും തേടി രാജ്യത്ത് അണഞ്ഞവരെയും പലയിടങ്ങളിലായി ദുരിതമുഖത്തുകൂടി കടന്നുപോയവരെയും അമീർ ചേർത്തുപിടിച്ചു.
ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ന് നമുക്കൊപ്പമില്ല, പക്ഷേ അദ്ദേഹത്തിന്റെ ജ്ഞാനപൂർവമായ വാക്കുകൾ നിലവിലുണ്ട്. പ്രകാശം ചൊരിഞ്ഞ ജീവിതവഴികൾ മുന്നിലുണ്ട്. അതു തലമുറകളിലൂടെ കടന്നുപോകുമെന്ന് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.