സവിശേഷമായി തോന്നിയ കോവിഡ് കാല നന്മയെ കുറിച്ച് ഗൾഫ് മാധ്യമത്തിൽ എഴുതാം. കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം
2020 മേയ് മാസമാണെന്നു തോന്നുന്നു. മഹ്ബൂല, അബ്ബാസിയ്യ പ്രദേശങ്ങൾ ലോക്ഡൗൺ ഏർപ്പെടുത്തി കമ്പിവേലി കെട്ടിയടച്ചപ്പോൾ ജയിലിലടക്കപ്പെട്ടവരുടെ വീർപ്പുമുട്ടലാണ് അവിടെയുള്ളവർ അനുഭവിച്ചത്. അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടിൽനിന്ന് പരിചയമില്ലാത്ത നമ്പറിൽനിന്ന് ഫോൺ കാൾ വന്നു.
ലോക്ഡൗൺ കാലമായതിനാൽ നാട്ടിൽനിന്നുള്ള ഫോൺ ഭയപ്പാടോടെയാണ് സ്വീകരിച്ചിരുന്നത്. അന്ന് കേരള സർക്കാർ പ്രവാസികൾക്ക് ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ മെഡിക്കൽ ടീമിൽ അംഗമായിരുന്ന ഡോക്ടറായിരുന്നു അദ്ദേഹം. എെൻറ ബന്ധുവായ ഡോക്ടറിൽനിന്നാണ് അദ്ദേഹം കുവൈത്തിലെ നമ്പർ സംഘടിപ്പിച്ചത്.
മഹ്ബൂലയിലെ അജിത്ത് ഡേവിഡ് എന്നയാളുടെ നമ്പർ തന്നു. എന്നിട്ട് പറഞ്ഞു. "അയാൾ കടുത്ത നിരാശയിലാണ്. ആത്മഹത്യാ പ്രവണതയും കാണുന്നുണ്ട്. പറ്റുമെങ്കിൽ എെൻറ ഫോൺ കട്ട് ചെയ്ത ഉടനെ നിങ്ങൾ വിളിക്കണം. ഒരു പക്ഷേ, അതിനുമുമ്പേ ആത്മഹത്യ ചെയ്തേക്കും''. ഞെട്ടലോടെയാണ് ഫോൺ കട്ട് ചെയ്തത്. ആത്മഹത്യക്ക് ഒരുങ്ങിനിൽക്കുന്നയാൾ. ഒരുപക്ഷേ മരിച്ചിരിക്കും. എന്താകും അവസ്ഥ... ചിന്തകൾ പല രീതിയിൽ സഞ്ചരിച്ചു. ആ നമ്പറിൽ വിളിച്ചു. പല തവണ! മറുപടിയില്ല.!! ഒരു പ്രവാസിയുടെ വിലപ്പെട്ട ജീവൻകൂടി സമ്മർദത്തെ മറികടക്കാനാവാതെ പൊലിഞ്ഞു പോയല്ലോ എന്ന സങ്കടത്തിൽ ഇരുന്നു.
പത്തുമിനിറ്റ് കഴിഞ്ഞുകാണണം. നേരത്തേ ഞാൻ വിളിച്ച നമ്പറിൽനിന്ന് ഫോൺ കാൾ. ഫോണെടുത്തു. 'ഹലോ' അപ്പുറത്തുനിന്ന് നിരാശയുടെ നരച്ച ശബ്ദം. ഡോക്ടർ ആവശ്യപ്പെട്ടത് പ്രകാരം വിളിക്കുന്നയാളാണെന്നു പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. അയാൾ കുളിമുറിയിലായതു കാരണമാണ് ഫോൺ എടുക്കാനാവാതെ പോയതെന്ന് പറഞ്ഞു ക്ഷമ ചോദിച്ചു. ഭാവിയെക്കുറിച്ച് പ്രത്യാശയുടെ തരിപോലും പ്രകടമാകാത്ത സംഭാഷണം. രോഗിയാണ്. ചികിത്സിക്കാൻ കഴിയുന്നില്ല.
വിമാനയാത്രക്ക് അവസരത്തിനായി ഏറെനാൾ കാത്തിരിക്കണം. നാട്ടിൽ പോകാൻ പണമില്ല. നാട്ടിലെത്തിയാൽ ജീവിക്കാൻ വഴിയില്ല. എല്ലാത്തിനും നല്ല മരുന്ന് മരണമാണ്. ഇതായിരുന്നു കക്ഷിയുടെ നിലപാട്. കുറെയേറെ സംസാരിച്ച് അയാളിൽ പ്രതീക്ഷ നിറക്കാൻ ശ്രമിച്ചു. സൗജന്യ വിമാന യാത്രയും നാട്ടിലെത്താനുള്ള മറ്റു സൗകര്യങ്ങളും ഏർപ്പാടാക്കാമെന്നും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാമെന്നും ഞാൻ അയാൾക്ക് വാക്കുകൊടുത്തു. അപ്പോൾ അങ്ങനെ പറയാനേ കഴിയുമായിരുന്നുള്ളൂ.
നിരവധി സംഘടന നേതാക്കളുമായി സൗജന്യ ടിക്കറ്റിനായി ബന്ധപ്പെട്ടു. അപ്പോഴാണ് ഇന്ത്യൻ ഇസ്ലാഹി സെൻറർ കുവൈത്ത് പ്രവർത്തകർ സൗജന്യ നിരക്കിൽ ചാർട്ടേഡ് വിമാനമയക്കുന്നുവെന്നറിഞ്ഞത്. സുഹൃത്തുകൂടിയായ ആ സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറി യൂനുസ് സലീമിനെ ബന്ധപ്പെട്ടു. നമ്മുടെ കക്ഷിയുടെ ദുരവസ്ഥ മനസ്സിലാക്കിയ അദ്ദേഹം എത്രയും വേഗം യാത്രാരേഖകൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അയാൾക്ക് എന്തെങ്കിലും ചെറിയ സംഖ്യ തരാനാവുമെങ്കിൽ നന്നായിരിക്കുമെന്നും അതിന് ഒരു കാരണവശാലും നിർബന്ധിക്കരുതെന്നും സുഹൃത്ത് പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിൽ നമ്മുടെ കക്ഷിയുമായി ദിവസേന ഒന്നിലധികം തവണ ഫോണിൽ സംസാരിക്കുമായിരുന്നു. ക്രമേണ അയാൾ പ്രത്യാശ കണ്ടു തുടങ്ങി. "ടിക്കറ്റിന് ചെറിയ പൈസ കൊടുത്താൽ ഫ്രീ ആയിട്ടാണ് നാട്ടിലെത്തിയതെന്ന് ആളുകൾക്ക് പറയാൻ കഴിയില്ല. അതുകൊണ്ട് എന്തെങ്കിലും ചില്ലറ കൊടുക്കാനാവുമോ?" ഞാൻ ചോദിച്ചു.
''സാറെ, ഞാൻ കുറച്ച് കാശുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് മുഴുവൻ ഫ്രീ ആക്കണ്ട.'' നാട്ടിലെത്തിച്ചാൽ വിമാനത്താവളത്തിൽനിന്ന് വീട്ടിലെത്താനും അവിടെ ജീവിക്കാനും വഴിയില്ലെന്ന് വിശ്വസിച്ച് മരിക്കാനൊരുങ്ങിയ മനുഷ്യനിലുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
വർത്തമാനം പറയാനും വിഷമങ്ങൾ പങ്കുവെക്കാനും തയാറായാൽ ആശയറ്റവരിൽ പ്രത്യാശ നിറക്കാനാവും. അങ്ങനെ മഹാമാരിയുടെ ദുരിതകാലത്ത് അദൃശ്യരായ കുറെ മനുഷ്യരുടെ നന്മയുടെ വെളിച്ചം ഊർജമാക്കി ആത്മഹത്യക്കൊരുങ്ങിയ ആ മനുഷ്യൻ നാട്ടിലെത്തി. ഇപ്പോൾ കുടുംബത്തോടൊപ്പം ജീവിക്കുന്നു. അദ്ദേഹത്തിന് സഹായം നൽകിയവരെയാരെയും ആ മനുഷ്യൻ നേരിൽ കണ്ടിട്ടില്ല; സഹായിച്ചവർ അയാളെയും. ഞാനും കണ്ടിട്ടില്ല. ഇടക്ക് വിളിക്കാറുണ്ട്. സ്നേഹാർദ്രതയുടെ മാലാഖ സ്പർശം അങ്ങനെയാണ്.
മരിക്കാത്ത ഓർമകളിൽ ഡോ. താരിഖ് മുഖൈമിർ
കുവൈത്തിൽ കോവിഡ് ബാധിതനായി മരിച്ച ആദ്യ ഡോക്ടറാണിദ്ദേഹം
കോവിഡ് പ്രതിസന്ധിയും അതിജയിച്ച് ജീവിതം മുന്നോട്ടുപോവുമ്പോൾ മറക്കാൻ പാടില്ലാത്ത പേരുകളിലൊന്നാണ് ഡോ. താരിഖ് മുഖൈമിറിന്റേത്. കുവൈത്തിൽ കോവിഡ് ബാധിതനായി മരിച്ച ആദ്യ ഡോക്ടറാണ് ഈ ഈജിപ്ഷ്യൻ പൗരൻ. മരണ മുനമ്പിലാണെന്ന് അറിഞ്ഞിട്ടും ജീവൻ രക്ഷിക്കാനുള്ള യുദ്ധത്തിൽ മുന്നണിപ്പോരാളിയായി നിലയുറപ്പിച്ചു അദ്ദേഹം. അതിന് അദ്ദേഹം നൽകേണ്ടി വന്ന വില സ്വന്തം ജീവൻതന്നെയാണ്. ലോകത്ത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കഠിനപ്രയത്നം ചെയ്യുന്ന പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകരിൽ ഒരാൾ.
സൈൻ ആശുപത്രിയിൽ ഇ.എൻ.ടി വിദഗ്ധനായിരുന്നു അദ്ദേഹം. ലോക്ഡൗണിൽ വീട്ടിലിരിക്കാൻ അദ്ദേഹത്തെ പോലെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കഴിയുമായിരുന്നില്ല. അവർ അതാഗ്രഹിക്കുന്നുമില്ല. ഡോ. താരിഖ് മുഖൈമിർ ഒറ്റപ്പെട്ട വ്യക്തിയല്ല. മഹാമാരിക്കെതിരായ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ പ്രതിനിധിയാണ് അദ്ദേഹം. എല്ലാവർക്കും സിംഫണി ഓഫ് കുവൈത്തിെൻറ ആദരം. ഓർമകളിൽ എന്നും അവർ ജീവിക്കും. ജീവൻ കൊടുത്ത് അവർ കൊളുത്തിവെച്ച നന്മകൾ തലമുറകൾക്ക് വഴികാട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.