കുവൈത്ത് സിറ്റി: കുവൈത്ത് മണ്ണിൽ ഒരിക്കൽ കൂടി അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിന് വേദിയുണരുന്നു. വ്യാഴാഴ്ച ലോകകപ്പിനും ഏഷ്യൻ കപ്പിനുമുള്ള യോഗ്യതക്കായുള്ള ഇന്ത്യ-കുവൈത്ത് ആദ്യ മത്സരത്തിന് കുവൈത്ത് വേദിയാകും. രാത്രി 7.30ന് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരും മലയാളികളും മത്സരത്തിനായി കാത്തിരിക്കുകയാണ്. കുവൈത്തിൽ ഇന്ത്യ മത്സരത്തിനിറങ്ങുമ്പോൾ ഏതു രാജ്യത്തിനൊപ്പം നിൽക്കണം എന്ന സ്വാഭാവിക സംശയം പ്രവാസികളിൽ ഉടലെടുക്കുമെങ്കിലും ഫുട്ബാൾ അതിർത്തികളില്ലാത്ത കളിയാണെന്നാണ് ഫാൻസിന്റെ മറുപടി.
കളികാണുന്നതിനായി സ്വദേശികളും പ്രവാസികളും ഗാലറി നിറക്കും എന്ന് ഉറപ്പാണ്. ടിക്കറ്റ് വിൽപന ആരംഭിച്ചതു മുതൽ വലിയ രീതിയിൽ ആളുകൾ സീറ്റ് ബുക്കുചെയ്യുന്നുണ്ട്.
ഇന്ത്യൻ ഫുട്ബാൾ ടീമിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന മഞ്ഞപ്പട കുവൈത്ത് വിങ്
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ് ‘എ’യിൽ ഇന്ത്യയും, കുവൈത്തും കൂടാതെ ഖത്തറും, അഫ്ഗാനിസ്താനുമാണ് മറ്റുരണ്ടു രാജ്യങ്ങൾ. അതിനാൽ ഇന്ത്യ-കുവൈത്ത് മത്സരം പ്രധാനമായാണ് ഇരുരാജ്യങ്ങളും കാണുന്നത്.
മത്സരം പൊടിപാറുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകരും. മത്സരത്തിനായി കുവൈത്ത് ടീം ഫ്രണ്ട്ഷിപ് ആൻഡ് പീസ് സ്റ്റേഡിയത്തിൽ നേരത്തേ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ദുബൈയിലെ പരിശീലനത്തിനു ശേഷം ഇന്ത്യൻ ടീം തിങ്കളാഴ്ച ഉച്ചയോടെ കുവൈത്തിലെത്തി.
ഇന്ത്യൻ ടീമിനെ സ്വാഗതം ചെയ്ത് ഫാൻസ്
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇന്ത്യൻ ടീമിനെ മഞ്ഞപ്പട കുവൈത്ത് വിങ്, ഇന്ത്യൻ ഫുട്ബാൾ ഫാൻസ് എന്നിവർ സ്വാഗതം ചെയ്തു. വിമാനത്താവളത്തിലെത്തിയ കുവൈത്ത് വിങ് എക്സിക്യൂട്ടിവ് മെംബേഴ്സ് ഇന്ത്യൻ ടീമിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
മത്സരത്തിൽ ഇന്ത്യൻ ടീമിനെ പിന്തുണക്കാൻ കുവൈത്തിലെ ഇന്ത്യൻ ആരാധകരെ ഒരു കുടക്കീഴിലെത്തിക്കുകയും, 100 ദിവസം കൗൺഡൗൺ പരിപാടികൾ ക്രോഡീകരിക്കുകയും ചെയ്തതായി മഞ്ഞപ്പട അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യൽ, കളികാണാൻ ആഗ്രഹിക്കുന്നവരെ സ്റ്റേഡിയത്തിൽ എത്തിക്കൽ എന്നിവക്കും മഞ്ഞപ്പട കുവൈത്ത് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 3000ൽ അധികം മത്സരത്തിന്റെ ടിക്കറ്റുകൾ തങ്ങൾ വഴി ബുക്ക് ചെയ്തതായും മഞ്ഞപ്പട കുവൈത്ത് വിങ് അറിയിച്ചു.
ഇന്ത്യൻ ടീമിന് വിമാനത്തിൽ ആശംസ നേരുന്നു
വിമാനത്തിലും സ്വാഗതം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറങ്ങും മുമ്പ് ഇന്ത്യൻ ടീമിന് വിമാനത്തിലും സ്വാഗതം പറഞ്ഞ് പൈലറ്റും ക്രൂ അംഗങ്ങളും. ദുബൈയിലെ പരിശീലനം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച ഇന്ത്യൻ ജസീറ എയർവേസ് പൈലറ്റും ക്രൂ അംഗങ്ങളുമാണ് ആശംസകൾ അറിയിച്ചത്. ഇന്നീ വിമാനത്തിൽ പ്രത്യേക അതിഥികൾ ഉണ്ടെന്നും അത് ലോകകപ്പ് യോഗ്യത മത്സരത്തിനായുള്ള ഇന്ത്യൻ ഫുട്ബാൾ ടീം അംഗങ്ങളാണെന്നും പറഞ്ഞായിരുന്നു പൈലറ്റിന്റെ അറിയിപ്പ്. കളിക്കാർക്ക് വിമാന അധികൃതർ വിജയാശംസകളും നേർന്നു. മഞ്ഞപ്പട കുവൈത്താണ് ഇന്ത്യൻ കളിക്കാർക്കായി വിമാനത്തിൽ അപ്രതീക്ഷിത ആശംസകൾ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.