കുവൈത്ത് സിറ്റി: 11,000ത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ച ലിബിയയിലെ വെള്ളപ്പൊക്കത്തിന്റെ ഇരകൾക്കായുള്ള സഹായവുമായി കുവൈത്തിന്റെ അഞ്ചാം വിമാനവും ദുരന്തഭൂമിയിൽ. തിങ്കളാഴ്ച ലിബിയയിലെത്തിയ വിമാനത്തിൽ മെഡിക്കൽ സാമഗ്രികൾ, പാർപ്പിടത്തിനുള്ള സാമഗ്രികൾ മുതലായ അത്യാവശ്യ വസ്തുക്കൾ ഉൾപ്പെടെ മൊത്തം 10 ടൺ സാധനങ്ങളാണ് അയച്ചത്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരം അൽ സലാം ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി സൊസൈറ്റിയാണ് തങ്ങളുടെ രണ്ടാമത്തെ വിമാനവും രാജ്യത്തിന്റെ അഞ്ചാമത്തെ വിമാനവും ലിബിയയിലെത്തിച്ചത്.
ലിബിയയിലെ ദുരിതബാധിതരെ സംരക്ഷിക്കാനും പുനർ നിർമാണത്തിനുമുള്ള സാമഗ്രികളടങ്ങിയ സൊസൈറ്റിയുടെ രണ്ടാമത്തെ വിമാനമാണിതെന്നും മൂന്നാമത്തെ വിമാനം വ്യാഴാഴ്ച അയക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അൽ സലാം ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി സൊസൈറ്റി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഹമദ് അൽ ഔൻ കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ദുരന്തബാധിതരെ സഹായിക്കാൻ പത്ത് ടൺ മെഡിക്കൽ സാമഗ്രികളുമായി ഞായറാഴ്ച കുവൈത്തിന്റെ നാലാമത്തെ വിമാനം ലിബിയയിലെത്തിയിരുന്നു.
കുവൈത്ത് എയർ ബ്രിഡ്ജിൽ നിന്നുള്ള ആദ്യ റിലീഫ് വിമാനം 40 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി കഴിഞ്ഞ ബുധനാഴ്ച ലിബിയയിലെത്തിയിരുന്നു. ശേഷം 41 ടണ്ണുമായി രണ്ടാമത്തെ വിമാനം വ്യാഴാഴ്ചയും, മൂന്നാമത്തെ വിമാനം ശനിയാഴ്ചയും സ്ഥലത്തെത്തി. 100 ടൺ സഹായ ഉപകരണങ്ങൾ തികച്ചുകൊണ്ട് ഞായറാഴ്ച നാലാമത്തെ വിമാനമാണ് ലിബിയയുടെ ദുരന്തഭൂമിയിലെത്തിയത്.
അഞ്ചാമത്തെ വിമാനമടക്കം 110 ടൺ റിലീഫ് വസ്തുക്കൾ ഇതുവരെ ദുരന്തഭൂമിയിലെത്തി. 30 വർഷത്തിനുള്ളിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് ലിബിയ സാക്ഷിയായത്. നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ആയിരത്തോളം പേർ മരിക്കുകയും അനേകായിരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.